മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; കൊവിഡ് നിയന്ത്രണങ്ങളോടെ പൊതുദര്‍ശനത്തിന് വയ്ക്കും

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ ഒന്‍പതിന് സൈനിക ആശുപത്രിയില്‍നിന്ന് ഭൗതിക ശരീരം വസതിയിലെത്തിക്കും. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പന്ത്രണ്ടുമണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ടുമണിക്ക് ഡല്‍ഹിയിലെ ലോധിറോഡ് ശ്മശാനത്തില്‍ സംസ്‌കാരം നടക്കുമെന്ന് കുടുംബം അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം.

രാജാജി മാര്‍ഗിലെ പത്താംനമ്പര്‍ ഔദ്യോഗികവസതിയിലേക്ക് പ്രണബിന്റെ ഭൗതിക ശരീരം അവസാനമായി എത്തിക്കും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമും ഇതേവീട്ടിലാണ് പദവി ഒഴിഞ്ഞശേഷം താമസിച്ചിരുന്നത്. 11 മണിവരെ വിശിഷ്ട വ്യക്തികള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ , കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉള്‍പ്പെടെ എത്തുമെന്നാണ് സൂചന.

പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരുമണിക്കൂര്‍ സമയം നല്‍കിയേക്കും. കോവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ തുറന്നവാഹനത്തില്‍ വിലാപയാത്ര ഉണ്ടാകില്ലെന്നാണ് സൂചന. രാജ്യത്ത് സെപ്റ്റംബര്‍ ആറു വരെ ദുഖാചരണം നടത്താന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബംഗാളില്‍ ഇന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിനല്‍കി.

തലച്ചോറില്‍ രക്തംകട്ടപിടിച്ചതിനെ തുടര്‍ന്ന് ഈമാസം പത്തിന് ആശുപത്രിയിലായ ശേഷം, അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു പ്രണബ് മുഖര്‍ജിയുടെ അന്ത്യം.

Top