മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഹോസ്പിറ്റല്‍ ബുള്ളറ്റിന്‍

ന്യൂഡല്‍ഹി: അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമാണെന്നും അവസ്ഥ വഷളായെന്നും ഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റല്‍ വൈകിട്ട് പുറത്തിറക്കിയ ബുള്ളറ്റിനില്‍ അറിയിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 84കാരനായ പ്രണബിനു പരിശോധനയില്‍ കോവിഡ് പോസിറ്റീവാണ്. കഴിഞ്ഞദിവസമാണ് അദ്ദേഹത്തിന് അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയത്. പ്രണബിന്റെ ആരോഗ്യനില വഷളായെന്നും വെന്റിലേറ്ററിന്റെ സഹായത്താലാണു കഴിയുന്നതെന്നും സൈനിക ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.

പ്രണബിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയുമായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു സംസാരിച്ചു. ആശങ്ക പ്രകടിപ്പിച്ചും സൗഖ്യം നേര്‍ന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ട്വീറ്റ് ചെയ്തിരുന്നു.

Top