ഗുണ്ടാക്രമണം; മുന്‍ പൊലീസ് മേധാവി കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശ് : ഗുണ്ടാ ആക്രമണത്തില്‍ റിട്ടയേര്‍ഡ് മുന്‍ അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ നാഗേശ്വര റാവു (62) കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കൊല്ലപ്പെട്ടത് .ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ തോട്ടവാരിപാലം എന്ന ഗ്രാമത്തിലാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള ഈ അക്രമം ഉണ്ടായത്. ഈ ഗ്രാമത്തിലെ തന്നെ ലോക്കല്‍ ഗുണ്ടകളില്‍ ഒരാളായ സുരേന്ദ്ര എന്ന ആളാണ് അക്രമത്തിനു പിന്നിലെന്ന് ഇപ്പുരുപാലം പൊലീസ് വ്യക്തമാക്കി.

നാഗേശ്വര റാവുവിന്റെ വീടിനു മുന്നില്‍ അക്രമിയായ സുരേന്ദ്ര ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് പ്രശ്നം കൊലപാതകത്തില്‍ അവസാനിച്ചത്. വാക്കുതര്‍ക്കത്തിനൊടുവില്‍ സുരേന്ദ്ര നാഗേഗ്വര റാവുവിന്റെ വീട്ടില്‍ ബലം പ്രയോഗിച്ച് കയറിച്ചെല്ലുകയും അദ്ദേഹത്തിന്റെ തലയില്‍ വടികൊണ്ട് അടിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് നാഗേശ്വര റാവു സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടു.

സംഭവം നടന്ന ഉടനെ തന്നെ അക്രമിയായ സുരേന്ദ്ര ഓടിരക്ഷപ്പെടുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ നടപടികള്‍ ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു .

Top