എ.ഡി.ജി.പി മനോജ് എബ്രഹാമിനെ ചതിച്ചത് മുൻ പൊലീസ് മേധാവി ബഹ്റ !

”ലോകനാഥ് ബഹ്‌റ പോയതില്‍ എനിക്ക് അത്ഭുതമില്ല” എന്നാല്‍ മനോജ് എബ്രഹാമിനെ പോലെ തന്റേടമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഇതു പോലെ ഒരു തട്ടിപ്പുകാരന്റെ അടുത്ത് പോയെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? ”

അതെ അഡ്വ ജയശങ്കര്‍ ചോദിച്ച ഈ ചോദ്യം തന്നെയാണ് കേരള പൊലീസിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഇപ്പോള്‍ പരസ്പരം ചോദിക്കുന്നത്. മുന്‍ ഡി.ജി.പി ലോകനാഥ് ബഹ്‌റ ടിപ്പുവിന്റെ സിംഹാസനത്തില്‍ ഇരുന്ന് കോമഡി ഷോ കളിച്ചതിലല്ല മനോജ് എബ്രഹാമിനെ പോലെ തന്റേടമുള്ള സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ ഈ തട്ടിപ്പു പാളയത്തില്‍ വാളും പിടിച്ച് പടം എടുക്കാന്‍ നിന്നു കൊടുത്തു എന്നതാണ് സകലരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യമാണ് ഇവിടെ വ്യക്തമാക്കുന്നത്. ഈ സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേരുണ്ട്. മോണ്‍സണ്‍ മാവുങ്കല്‍ എന്ന വ്യക്തിയുമായി ഒരു ബന്ധവും എ.ഡി.ജി.പി മനോജ് എബ്രഹാമിനില്ല എന്ന കാര്യം ഉറപ്പിച്ചു പറയുന്നതും അവര്‍ തന്നെയാണ്. ഒരു കോളോ മെസേജോ പോലും മൈക്രോസ് കോപ്പ് വച്ചാല്‍ പോലും കണ്ടുപിടിക്കാനും കഴിയുകയില്ല.

ഒരു യുവ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വിവാഹത്തിന് കൊച്ചിയില്‍ എത്തിയ മനോജ് എബ്രഹാമിനെ അന്നത്തെ ഡി.ജി.പി ലോകനാഥ് ബഹ്‌റയാണ് പുരാവസ്തു ശേഖരം കാണാന്‍ നിര്‍ബന്ധിച്ചു കൊണ്ടു പോയിരുന്നത്. പൊലീസില്‍ ഡി.ജി.പി ആവശ്യപ്പെട്ടാല്‍ നോ പറയുന്ന ഏര്‍പ്പാട് ഓഫീസര്‍മാര്‍ക്കില്ലാത്തതിനാലാണ് മനോജ് എബ്രഹാമും ഡി.ജി.പിയുടെ ആവശ്യപ്രകാരം ഒപ്പം പോയിരുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ തന്നെ അതൃപ്തി പ്രകടമായിരുന്നു എന്നാണ് പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഡി.ജി.പി ബഹ്‌റ സിംഹാസനത്തിലിരുന്നും നിന്നും ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ ആ ചിത്രത്തില്‍ മനോജ് എബ്രഹാം പെട്ടു പോയതും യാദൃശ്ചികമായാണ്. നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. വാള്‍ പിടിക്കാന്‍ പറഞ്ഞപ്പോള്‍ അതിനു പറ്റില്ല എന്നു പറയാതിരുന്നത് മനോജ് എബ്രഹാം അച്ചടക്കമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആയത് കൊണ്ടു മാത്രമാണ്. പറ്റില്ല എന്ന് ശക്തമായി അന്നു പറഞ്ഞിരുന്നു എങ്കില്‍ ഇന്നത്തെ ഈ അവസ്ഥ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വരുമായിരുന്നില്ല. ഒരു ഐ.പി.എസ് ഓഫീസറുടെ അച്ചടക്കമാണ് അദ്ദേഹം അവിടെയും പ്രകടിപ്പിച്ചത്. അതിന് പക്ഷേ ഇപ്പോള്‍ കൊടുക്കേണ്ടി വന്നിരിക്കുന്നത് വലിയ വിലയാണ്. സകല ചാനലുകളും സോഷ്യല്‍ മീഡിയകളും ഈ ഫോട്ടോ ഉപയോഗിച്ചാണ് അദ്ദേഹത്തെ കടന്നാക്രമിച്ചിരിക്കുന്നത്.

കര്‍ക്കശക്കാരനായ ഒരു പൊലീസ് ഓഫീസറെ ട്രോളാന്‍ കിട്ടിയ അവസരം എതിരാളികളും ശരിക്കും ഉപയോഗിക്കുകയുണ്ടായി. ഇവിടെ അപമാനിക്കപ്പെട്ടിരിക്കുന്നത് ഒരു തെറ്റും ചെയ്യാത്ത ഐ.പി.എസ് ഉദ്യാഗസ്ഥനാണ്. ഡി.ജി.പി വിളിച്ചത് കൊണ്ട് മാത്രം ഒപ്പം പോയതാണ് മനോജ് എബ്രഹാം എന്ന് ബോധ്യമുണ്ടായിട്ടും ഒരു ചാനലും ആ ആനുകൂല്യം അദ്ദേഹത്തിനു നല്‍കിയിട്ടില്ല. മോണ്‍സന്‍ മാവുങ്കലിന് സകല ഒത്താശയും ചെയ്തു കൊടുത്ത ഐ.ജി ലക്ഷ്മണയുടെ ഒരു ഫോട്ടോ പോലും കാണിക്കാതെ ചാനല്‍ ചര്‍ച്ചകളില്‍ നിരന്തരം ബഹ്‌റയും മനോജ് എബ്രഹാമും മോണ്‍സന് ഒപ്പം നില്‍ക്കുന്ന ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ മിക്ക ചാനലുകളും ഒരേ നിലപാട് തന്നെയാണ് പിന്തുടര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പിന്തുടരുന്നതും ഇതേ മാതൃക തന്നെയാണ്. ഒരിമിച്ചൊരു ഫോട്ടോ കണ്ടാല്‍ അതില്‍ ഉള്ളവരെല്ലാം കുറ്റവാളികള്‍ എന്ന രൂപത്തില്‍ ചിത്രീകരിക്കുന്ന ഈ മാധ്യമ ശൈലി തന്നെ അപകടകരമാണ്. കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളുമായി മുഖ്യധാരാ ചാനല്‍ അവതാരകര്‍ നില്‍ക്കുന്നതുള്‍പ്പെടെ നിരവധി ഫോട്ടോകളാണ് മുന്‍പ് പുറത്ത് വന്നിരിക്കുന്നത്. അന്ന് ആരെങ്കിലും ഈ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികളുടെ കൂട്ടാളികളാണെന്ന് ആക്ഷേപിച്ചിട്ടുണ്ടോ…? മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടുത്തെ നിയമ സംവിധാനവും പൊതു സമൂഹവും നല്‍കിയ ആനുകൂല്യം തിരിച്ചു നല്‍കിയില്ലങ്കിലും അപമാനിക്കരുതായിരുന്നു. ഇതാണ് നിലപാടെങ്കില്‍ ഒരു ആനുകൂല്യവും മേലില്‍ ഇനി മാധ്യമ പ്രവര്‍ത്തകരും തിരിച്ച് പ്രതീക്ഷിക്കരുത്.

നിയമത്തിന്റെ കണ്ണുകള്‍ക്ക് മുന്നില്‍ ഒളിച്ചുവക്കാന്‍ പലതുമുള്ള നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഈ കേരളത്തില്‍ ഇപ്പോഴുമുണ്ട്. പൊലീസ് ഓഫീസര്‍മാര്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച സംഭാഷണങ്ങള്‍ പുറത്ത് വിട്ടാല്‍ ഇവരില്‍ പലരുടെയും മുഖമൂടി കൂടിയാണ് അഴിഞ്ഞു വീഴുക. അതും ഓര്‍ക്കുന്നത് നല്ലതായിരിക്കും. മോണ്‍സണ്‍ മാവുങ്കലിന്റെ ആഥിത്യം സ്വീകരിക്കാന്‍ പോയത് ലോകനാഥ് ബഹ്‌റയാണ്. അയാളെയാണ് ചാനലുകള്‍ വിചാരണ ചെയ്യേണ്ടത് അതല്ലാതെ ബഹ്‌റ നിര്‍ബന്ധപൂര്‍വ്വം വിളിച്ചു കൊണ്ടു പോയ ഉദ്യോഗസ്ഥനെയല്ല. ബഹ്‌റ ക്ക് നഷ്ടപ്പെടാന്‍ പ്രത്യേകിച്ച് ഒരു ഇമേജുമില്ല. റിട്ടയര്‍ ചെയ്ത് സര്‍ക്കാര്‍ കരുണയില്‍ മെട്രോ തലപ്പത്ത് വിശ്രമിക്കുകയാണ് അദ്ദേഹം. എന്നാല്‍ മനോജ് എബ്രഹാമിന്റെ അവസ്ഥ അതല്ല ഇനിയും ഏറെക്കാലം സര്‍വ്വീസ് അവശേഷിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

താന്‍ ഇരുന്നത് ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തില്‍ അല്ലന്ന ബോധം ആദ്യം ഉണ്ടാകേണ്ടിയിരുന്നത് ഡി.ജി.പി ബഹ്‌റക്കായിരുന്നു. ഒരു തട്ടിപ്പ് കേന്ദ്രത്തിലാണ് താന്‍ എത്തിയിരിക്കുന്നത് എന്ന ബോധം മനോജ് എബ്രഹാമിന് ഉണ്ടായത് കൊണ്ടാണ് മോണ്‍സന്‍ മാവുങ്കലിനെതിരെ പിന്നീട് ഇന്റലിജന്‍സ് അന്വേഷണം ഉണ്ടായത് തന്നെ. ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തികാട്ടാന്‍ ഒരു റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചതും അങ്ങനെയാണ്.ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ശക്തമായ തുടര്‍നടപടി പൊലീസ് സ്വീകരിക്കാതിരുന്നത് ബഹ്‌റ ഡി.ജി.പി കസേരയില്‍ ഇരുന്നത് കൊണ്ട് മാത്രമാണ്. അതല്ലാതെ തട്ടിപ്പ് കേസില്‍ അന്വേഷണം നടത്താന്‍ ഇ.ഡിക്ക് മെയില്‍ അയച്ചിട്ട് ഒരു കാര്യവുമില്ല. യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് നല്‍കിയ വെള്ളിക്കാശ് ഉള്‍പ്പെടെ തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞാണ് മോണ്‍സന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. തന്നെ ടിപ്പുവിന്റെ സിംഹാസനത്തില്‍ ഇരുത്തി പറ്റിച്ച വിരുതനെ ബഹ്‌റ യഥാര്‍ത്ഥത്തില്‍ സഹായിക്കുകയാണ് ചെയ്തത്. അതിനു പിന്നലെ ചേതോവികാരം എന്തായിരുന്നു എന്നതും ഈ നാടിന് അറിയേണ്ടതുണ്ട്.

ഒപ്പ് തിന്നവരാണ് വെള്ളം കുടിക്കേണ്ടത്. അവരെയാണ് മാധ്യമങ്ങളും ഫോക്കസ് ചെയ്യേണ്ടത്. അതല്ലാതെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥരെ ക്രൂശിക്കരുത്. മോണ്‍സണ് എതിരായ പരാതിയിലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ചെറുത്തതും ഇടപെട്ട ഐ.ജി ലക്ഷ്മണക്ക് മെമ്മോ നല്‍കിയതും മനോജ് എബ്രഹാം തന്നെയാണ്. ഡി.ജി.പിയുടെ താല്‍പ്പര്യങ്ങള്‍ക്കും അപ്പുറമായിരുന്നു ഈ ഇടപെടല്‍. ഇക്കാര്യം ഉന്നത പൊലീസ് കേന്ദ്രങ്ങളും സമ്മതിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസിലെ അന്വേഷണം ശക്തമായി നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതും മനോജ് എബ്രഹാം തന്നെയാണ്.

ഇക്കാര്യം പരാതി നല്‍കിയവര്‍ക്കും ബോധ്യപ്പെട്ട കാര്യമാണ്. മനോജ് എബ്രഹാം ആ ഫോട്ടോയില്‍ പെട്ടുപോയ വ്യക്തി മാത്രമാണെന്ന് തുറന്ന് പറയാന്‍ മോണ്‍സന് എതിരെ പരാതി നല്‍കിയവര്‍ പോലും പരസ്യമായി തയ്യാറായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം തുറന്ന് പറയാന്‍ ചില മാധ്യമങ്ങള്‍ക്കാണ് ബുദ്ധിമുട്ടുള്ളത്. ചര്‍ച്ച കൊഴുപ്പിക്കാന്‍ ഇത്തരക്കാര്‍ക്ക് ‘വിഭവങ്ങള്‍’ ആവശ്യമാണ്.ഈ ഫോട്ടോയെ അവര്‍ ഉപയോഗപ്പെടുത്തുന്നതും അതുകൊണ്ടാണ്. മോണ്‍സണെ വഴിവിട്ട് സഹായിച്ച ഐ.ജിയുടെ ഫോട്ടോ പോലും കാണിക്കാതെ സന്ദര്‍ശനത്തില്‍ പെട്ടുപോയ ഉദ്യോഗസ്ഥന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നത് ഒരിക്കലും മാധ്യമ ധര്‍മ്മമല്ല സാമാന്യ നീതിയുടെ ലംഘനമാണത്. അതെന്തായാലും ഈ ഘട്ടത്തില്‍ പറയാതെ വയ്യ.

രാജ്യത്തെ തന്നെ മികച്ച ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഒരു ലിസ്റ്റ് എടുത്താല്‍ കേരളത്തില്‍ നിന്നും ആദ്യം ഇടം പിടിക്കുന്ന ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. കണ്ണൂരിലെ രാഷ്ട്രീയ കലാപം അടിച്ചമര്‍ത്തി തുടങ്ങിയതാണ് മനോജ് എബ്രഹാമിന്റെ പൊലീസ് ജീവിതം. ഇപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച കുറ്റാന്വേഷണ സംവിധാനമായി സൈബര്‍ ഡോമിനെ വാര്‍ത്തെടുത്തതും ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്. കാക്കിക്ക് നേരെ കടന്നാക്രമണം ഉണ്ടായ ഘട്ടങ്ങളിലെല്ലാം മുന്നില്‍ നിന്ന് ഏറെ കലഹിച്ചതും ഈ കാക്കിയാണ്. തിരുവനന്തപുരം എം.ജി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.ഐയെ ബോബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ അക്രമികളെ കോളജിനകത്ത് കയറി പിടിച്ചതും കമ്മീഷണര്‍ ആയിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നേരിട്ടായിരുന്നു. കാക്കിക്ക് നൊന്താല്‍ കണക്ക് തീര്‍ക്കുന്ന ഈ ഐ.പി.എസുകാരന്റെ രോഷം ക്ഷമിപ്പിക്കാന്‍ അന്ന് സോണല്‍ ഐ ജി ആയിരുന്ന സെന്‍കുമാറിന് നേരിട്ട് വരേണ്ടി വന്നു എന്നതും പഴയ ചരിത്രമാണ്.

സ്വന്തം കാര്യം നേടാന്‍ കീഴുദ്യോഗസ്ഥരെ പോലും തളളിപ്പറയുന്ന അവസരവാദികളായ ഓഫീസര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് എന്നതാണ് മനോജ് എബ്രഹാമിന്റെ പ്രത്യേകത. ഇതു തന്നെയാണ് ഇന്നും കേരള പൊലീസില്‍ ഏറ്റവും ശക്തമായ പിന്തുണ അദ്ദേഹത്തിന് ലഭിക്കാനും പ്രധാന കാരണം. ഇങ്ങനെയുള്ള ഒരു ഓഫീസറെയാണ് ഇപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗവും ചേര്‍ന്ന് വേട്ടയാടാന്‍ ശ്രമിക്കുന്നത്. ഇതിനു പിന്നിലെ താല്‍പ്പര്യവും വ്യക്തമാണ്.

EXPRESS KERALA VIEW

Top