പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കും മരുമകനുമെതിരെ അഴിമതി വിരുദ്ധ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

പനമാ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ നവാസ് ഷെരീഫിനെതിരെ കുറ്റം ചുമത്തുന്നത് കോടതി നീട്ടിവച്ചു.

നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹുസൈന്‍, ഹസന്‍ എന്നിവരും മരുമകന്‍ മുഹമ്മദ് സഫ്ദറും ഒക്ടോബര്‍ ഒമ്പതിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചതായി പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നവാസ് ഷെരീഫിനെതിരെ കോടതി ഒക്ടോബര്‍ ഒമ്പതിന് കുറ്റം ചുമത്തുമെന്നാണ് സൂചന. കനത്ത സുരക്ഷയോടെ നവാസ് ഷെരീഫ് തിങ്കളാഴ്ച കോടതിയില്‍ ഹാജരായി. പാക് ആഭ്യന്തരമന്ത്രി അഹ്‌സാന്‍ ഇക്ബാല്‍ അടക്കമുള്ളവര്‍ ഷെരീഫിനൊപ്പം കോടതിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.

പനാമ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നവാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍നിന്ന് കോടതി അയോഗ്യനാക്കിയിരുന്നു

Top