ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ പരാജിതരായ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍

test-series

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും വിജയം കാഴ്ചവയ്ക്കാനാവാതെ പരാജിതരായ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍ രംഗത്ത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി വി എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സേവാഗ്, മുഹമ്മദ് കൈഫ് എന്നിവരാണ് വിമര്‍ശനങ്ങളുമായി രംഗത്ത് വന്നത്.

പൊരുതാതെ കീഴടങ്ങിയ ഇന്ത്യന്‍ ടീം തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊളളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. ബാറ്റ്‌സ്മാന്‍മാര്‍ ഇനിയെങ്കിലും സാഹചര്യത്തിനൊത്ത് കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ലക്ഷ്മണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

അതേസമയം, പൊരുതാനുള്ള മനസ്സില്ലായ്മ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു. ഇങ്ങനെ തോല്‍ക്കുന്നത് വേദനാജനകമാണ്. ഒരു ബാറ്റ്‌സ്മാനും ആത്മവിശ്വാസമില്ലായിരുന്നുവെന്നും കൈഫ് കുറിച്ചു.

ടീം തോല്‍ക്കുമ്പോള്‍ അവരുടെ കൂടെ നില്‍ക്കണമെന്നുണ്ടെങ്കിലും പൊരുതുക പോലും ചെയ്യാതെ കീഴടങ്ങിയ ഈ ടീം തീര്‍ത്തും നിരാശപ്പെടുത്തിയെന്നാണ് സേവാഗ് പറഞ്ഞത്. തിരിച്ചുവരാനുള്ള ആത്മവിശ്വാസവും മന:ക്കരുത്തും ഈ ടീമിനുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ വഴിയാണ് മുന്‍ താരങ്ങള്‍ തങ്ങളുടെ വിമര്‍ശനങ്ങള്‍ ഇന്ത്യന്‍ ടീം അംഗങ്ങളെ അറിയിച്ചത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ തോല്‍ക്കുകയാണ് ഉണ്ടായത്. ആദ്യത്തെ ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വിയെങ്കില്‍ രണ്ടാമത്തെ ടെസ്‌ററില്‍ അത് 159 റണ്‍സിനായിരുന്നു. ആഗസ്റ്റ് 18ന് നോട്ടിംഗ്ഹാമിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.

Top