ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെതിരെ മുന്‍ താരങ്ങള്‍

ഇസ്ലാമബാദ്: ഏകദിന ലോകകപ്പില്‍ തുടര്‍തോല്‍വികള്‍ വഴങ്ങുന്ന പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെതിരെ മുന്‍ താരങ്ങള്‍. ബാബറിനെ മാറ്റി പകരം ഷഹീന്‍ ഷാ അഫ്രീദിയെ നായകനാക്കണമെന്നാണ് മുന്‍ താരങ്ങളുടെ അഭ്യര്‍ത്ഥന. വസീം അക്രം, മിസ്ബാ ഉള്‍ ഹഖ്, റമീസ് രാജ, റാഷീദ് ലത്തീഫ്, മുഹമ്മദ് ഹഫീസ്, ആഖിബ് ജാവേദ്, ഷുഹൈബ് മാലിക്, മോയിന്‍ ഖാന്‍, ഷുഹൈബ് അക്തര്‍, അബ്ദുള്‍ റസാഖ് തുടങ്ങിയവരെല്ലാം ബാബറിനെതിരെ രംഗത്തെത്തി.

ബാബര്‍ അസമിന്റെ ബാറ്റിങ്ങിനെയും കുറ്റപ്പെടുത്തിയാണ് അബ്ദുള്‍ റസാഖ് പ്രതികരിച്ചത്. അബ്ദുള്ള ഷെഫീഖ് നല്‍കുന്ന മികച്ച തുടക്കം ബാബറിന് മുതലാക്കാന്‍ കഴിയുന്നില്ല. മറ്റ് താരങ്ങളെ അടക്കം ബാബര്‍ നശിപ്പിക്കുന്നുവെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു.2019ലെ ലോകകപ്പിന് ശേഷം സര്‍ഫ്രാസ് അഹമ്മദിന്റെ പിന്‍ഗാമിയായാണ് ബാബര്‍ പാക് ടീമിന്റെ നായകനായത്. പാകിസ്താന്റെ വിരാട് കോഹ്ലി എന്നറിയപ്പെടുന്ന താരമാണ് ഇപ്പോള്‍ സ്വന്തം രാജ്യത്തെ ഇതിഹാസങ്ങളുടെ ഉള്‍പ്പടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്.

പാകിസ്താന്‍ ക്രിക്കറ്റിന്റെ ഭാവിക്ക് ഷഹീന്‍ ഷായുടെ ക്യാപ്റ്റന്‍സിയാണ് നല്ലതെന്ന് ആഖിബ് ജാവേദ് പറഞ്ഞു. 283 റണ്‍സ് പ്രതിരോധിക്കാനായി പാകിസ്താന്‍ ശ്രമിച്ചില്ലെന്ന് വസീം അക്രം കുറ്റപ്പെടുത്തി. ബാബറിന്റെ ക്യാപ്റ്റന്‍സി പക്വതയില്ലാത്ത താരത്തിന്റേതിന് സമാനമെന്ന് മിസ്ബാ ഉള്‍ ഹഖ് പ്രതികരിച്ചു.

 

 

Top