ബില്‍ ക്‌ളിന്റണ്‍ മോണിക്കാ പ്രണയ വിവരം പുറത്തുവിട്ട ലിന്‍ഡ ട്രിപ്പ് അന്തരിച്ചു

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്‌ളിന്റണ്‍ മോണിക്കാ ലെവിന്‍സ്‌കി ലൈംഗികാപവാദ കേസില്‍ നിര്‍ണ്ണായ തെളിവുകള്‍ നല്‍കിയ മുന്‍ പെന്റഗണ്‍ ജീവനക്കാരി ലിന്‍ഡ ട്രിപ്പ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ക്‌ളിന്റണും മോണിക്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിര്‍ണ്ണായക തെളിവായി മാറിയ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡിംഗ് നല്‍കിയത് ട്രിപ്പ് ആയിരുന്നു. ഇത് പിന്നീട് അമേരിക്കയെ ഞെട്ടിച്ച് ബില്‍ക്‌ളിന്റണിന്റെ ഇംപീച്ച്‌മെന്റ് നടപടിയിലേക്ക് വരെ നീളുന്നതിന് കാരണമായി.

1997ല്‍ അമേരിക്ക ഏറ്റവും ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നായ ബില്‍ ക്‌ളിന്റണ്‍ മോണിക്കാ ലെവിന്‍സ്‌ക്കി കേസില്‍ ലിന്‍ഡ പകര്‍ത്തിയ രഹസ്യ ഫോണ്‍ ടേപ്പ് റെക്കോഡിംഗായിരുന്നു കേസിലെ പ്രധാന തെളിവായി മാറിയത്.

പ്രസിഡന്റ് ബില്‍ ക്‌ളിന്റണും വൈറ്റ്ഹൗസ് ഇന്റേണായ മോണിക്കാ ലെവിന്‍സ്‌ക്കിയും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് ഒരിക്കല്‍ മോണിക്ക തന്നെ ലിന്‍ഡയോട് ഫോണില്‍ സംസാരിച്ചതാണ് വിവാദത്തിലേക്കുള്ള കണ്ണിയായി മാറിയത്. മണിക്കൂറുകള്‍ നീണ്ട ടെലിഫോണ്‍ സംഭാഷണം ലിന്‍ഡ റെക്കോഡ് ചെയ്യുകയും പിന്നീട് അഭിഭാഷകനായ കെന്നത്തിനെ ഏല്‍പ്പിക്കുകയുമായിരുന്നു.

മാത്രമല്ല 1990 കളില്‍ അമേരിക്ക ഏറെ ചര്‍ച്ച ചെയ്ത ക്‌ളിന്റണിന്റെ അനധികൃത റീയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളെക്കുറിച്ച് നടന്ന അന്വേഷണമായ ‘വൈറ്റ് വാട്ടര്‍ ‘ വിവാദമാണ് ഈ ബന്ധം പുറത്തുവരാനും കാരണമായത്.

ക്‌ളിന്റണും ഭാര്യ ഹിലാരിക്കും യുഎസിലെ അര്‍ക്കന്‍സോയിലെ വൈറ്റ് നദീ തീരത്ത് റീയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ഉണ്ടെന്നായിരുന്നു ആരോപണം. വിവാദം അന്വേഷിക്കാന്‍ അമേരിക്ക അഭിഭാഷകനായ കെന്നത്ത് സ്റ്റാറിനെ നിയോഗിച്ചു. വൈറ്റ് വാട്ടര്‍ അന്വേഷണത്തിന്റെ ഇടയിലാണ് പ്രസിഡന്റും ഇന്റേണും തമ്മിലുള്ള അവിഹിത ബന്ധങ്ങളുടെ കഥകള്‍ പ്രചരിക്കാന്‍ കാരണമായത്.

പിന്നീട് ക്‌ളിന്റണെ ഇംപീച്ച്‌മെന്റിലേക്ക് നയിക്കുന്ന വലിയ തെളിവായി മാറുകയായിരുന്നു. 21 ദിവസത്തെ വിചാരണയ്ക്ക് ശേഷം ക്‌ളിന്റണ്‍ കുറ്റവിമുക്തനായെങ്കിലും കേസ് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. ക്‌ളിന്റണെ ശിക്ഷിച്ചിരുന്നെങ്കില്‍ ലോകത്തെ മീ ടൂ മുന്നേറ്റം നേരത്തേ തന്നെ സംഭവിക്കുമായിരുന്നെന്നാണ് ലിന്‍ഡ പിന്നീട് പ്രതികരിച്ചത്. അതേസമയം താന്‍ വഞ്ചിക്കപ്പെട്ടു എന്നായിരുന്നു ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് പിന്നീട് മോണിക്ക പറഞ്ഞത്. അതേസമയം ലിന്‍ഡയ്ക്ക് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു മോണിക്ക ട്വീറ്റ് ചെയ്തത്.

Top