കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗം ജീവനൊടുക്കി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗം ജീവനൊടുക്കി. ടി.എം മുകുന്ദന് (59) ആണ് ആത്മഹത്യ ചെയ്തത്. 80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് മുകുന്ദന് ബാങ്ക് ജപ്തി നോട്ടിസ് അയച്ചിരുന്നു. ഇന്നലെയാണ് മുകുന്ദന് ജപ്തി നോട്ടിസ് ലഭിച്ചത്.

വായ്പ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ പ്രതിസന്ധി മറികടക്കാനാണ് ജപ്തി നടപടികളുമായി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നീങ്ങിയത്. വായ്പ്പാതിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് ജപ്തി നോട്ടിസ് അയച്ചു. നിക്ഷേപകര്‍ക്ക് തുക തിരിച്ചു നല്‍കാന്‍ കേരളബാങ്കിന്റെ സഹായവും, മറ്റ് സഹകരണ ബാങ്ക് കളില്‍ നിന്നുള്ള സഹായത്തിനുമായി സഹകരണ രജിസ്ട്രാറെ സമീപിച്ചിരിക്കുകയാണ് കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്ക്.

300 കോടിയിലധികം വരുന്ന വന്‍ വായ്പ തട്ടിപ്പ് നടന്നതോടെ പ്രതിസന്ധിയിലായ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നിലവിലെ ഡയറക്ടര്‍ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ചെറിയ തുക വായ്പഎടുത്ത് തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്കുള്‍പ്പടെ ജപ്തി നോട്ടീസ് അയച്ചു. എന്നാല്‍ കോവിഡ് പ്രതിസന്ധി യില്‍ വരുമാനം നിലച്ച സാധാരണ ക്കാരായ കര്‍ഷകരും കൂലിതൊഴിലാളികളുമൊക്കെ ബാങ്ക് നിര്‍ദേശിച്ച തുക എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ്.

കോടികളുടെ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടി വൈകുമ്പോഴാണ് മൂന്നും നാലും ലക്ഷം രൂപ വായ്പ എടുത്തവര്‍ക്കുള്‍പ്പടെ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം 50 കോടിയോളം രൂപ കണ്ടെത്താനായാല്‍ നിലവിലെ പ്രതിസന്ധി മറി കടക്കാനാകുമെന്നാണ് ബാങ്കിന്റെ കണക്ക് കൂട്ടല്‍. മറ്റു സംഘങ്ങളില്‍ നിന്നും ധനം സമാഹരിക്കുന്നതിന് രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. രജിസ്ട്രാറുടെ അനുമതിയോടെ മാത്രമേ സഹായം സ്വീകരിക്കാനാകൂ. പ്രതിസന്ധി മറികടക്കാന്‍ പ്രൊജക്റ്റ് തായ്യാറാക്കി കേരള ബാങ്കിനെ യും സമീപിച്ചിട്ടുണ്ട്.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ ആറ് മുന്‍ ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Top