ഇന്ത്യന്‍ക്രിക്കറ്റ് സെലക്ടര്‍മാരെ പാക്ക് സെലക്ടര്‍മാര്‍ കണ്ടുപഠിക്കണമെന്ന് മുന്‍ പാക്ക് താരങ്ങള്‍

india-pak

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകോത്തരമാക്കി മാറ്റുന്ന ഇന്ത്യന്‍ സെലക്ടര്‍മാരെ കണ്ടുപഠിക്കണമെന്ന് പാക്ക് താരങ്ങള്‍. ഇന്ത്യന്‍ സെലക്ടര്‍മാരെ കണ്ട് പാക്ക് ക്രിക്കറ്റ് സെലക്ടര്‍മാര്‍ പഠിക്കണമെന്നാണ് മുന്‍ പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ടും, പുറത്താക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മലും ഉപദേശിക്കുന്നത്.

ദേശീയ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ സ്ഥിരത കാണിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കുന്നുണ്ടെന്നും, ഇതിലൂടെ താരങ്ങളെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെന്നും ഭട്ട് അഭിപ്രായപ്പെട്ടു.

രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് ശരാശരി 25-30 ആയിരുന്നപ്പോഴും അദ്ദേഹത്തിന് സെലക്ടര്‍മാര്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയെന്നും, ഇന്ന് ലോകോത്തര താരനിരയിലേക്ക് രോഹിത്തിനെ എത്തിച്ചത് ഇതാണെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ പിച്ചുകള്‍ ഒരുക്കുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് പാക്ക് താരങ്ങളെ പിന്നോട്ട് അടിപ്പിക്കുന്നതെന്ന് ഭട്ടും, കമ്രാന്‍ അക്മലും വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പിച്ചുകള്‍ ഒരുക്കി താരങ്ങള്‍ക്ക് ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ അവസരം നല്‍കണമെന്നും, ഇതിലൂടെ ലഭിക്കുന്ന ആത്മവിശ്വാസമാണ് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് താരങ്ങളെ സൃഷ്ടിക്കുകയെന്നും കമ്രാന്‍ ചൂണ്ടിക്കാണിച്ചു.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങള്‍ക്ക് അവസരം നല്‍കിയില്ലെങ്കില്‍ പാക്ക് ക്രിക്കറ്റ് വളരില്ലെന്ന് ഭട്ടും, കമ്രാനുംഒരേസ്വരത്തില്‍ പറയുന്നു. ഒന്നോ രണ്ടോ കളി മാത്രം കളിപ്പിച്ച് കളിക്കാരെ മാറ്റുന്നതാണ് പാക്ക് സെലക്ടര്‍മാരുടെ വിനോദമെന്നും അവര്‍ കുറ്റപ്പെടുത്തി.

Top