കോലിയെ ഒറ്റക്ക് ഒരു ഇലവനായി കണക്കാക്കണമെന്ന് മുന്‍ പാക് സ്പിന്നര്‍

ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യന്‍ ടീമിലെ 11 പേര്‍ക്ക് സമമാണെന്ന് മുന്‍ പാക് സ്പിന്നര്‍ സഖ്ലിയന്‍ മുഷ്താഖ്. കോലിയെ പുറത്താക്കിയാല്‍ ടീം ഇന്ത്യയെ മുഴുവന്‍ പുറത്താക്കിയപോലെയാണെന്നും സഖ്ലിയന്‍ പറഞ്ഞു.
കോലിയെ ഒറ്റക്ക് ഒരു ഇലവനായി തന്നെ കണക്കാക്കണമെന്നും ഇന്‍സ്റ്റഗ്രാം ലൈവില്‍ സഖ്ലിയന്‍ പറഞ്ഞു.

ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിയുമ്പോള്‍ നിങ്ങളുടെ മനസ് ശാന്തമായിരിക്കണം. ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെയും ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെയും ഒരുപോലെ മികച്ച രീതിയില്‍ കളിക്കാന്‍ കോലിക്കാവും. ഈ സമയം ഞാന്‍ ആദില്‍ റഷീദിനോടും മോയിന്‍ അലിയോടും പറഞ്ഞത്, നിങ്ങള്‍ക്ക് സമ്മര്‍ദ്ദമില്ല, കാരണം ലോകം മുഴുവന്‍ അയാളുടെ പ്രകടനമാണ് കാണുന്നത്. അതുകൊണ്ടുതന്നെ മനസ് ശാന്തമാക്കി പന്തെറിയൂ എന്നായിരുന്നു.

കോലിയെ പുറത്താക്കാന്‍ റഷീദ് എറിഞ്ഞ ഏറ്റവും മികച്ച പന്ത് 2018ല്‍ ഹെഡിംഗ്ലി ഏകദിനത്തിലായിരുന്നു. ലെഗ് സ്റ്റംപില്‍ പിച്ച് ചെയ്ത പന്ത് കോലിയുടെ ഓഫ് സ്റ്റംപിളക്കി പറന്ന പന്ത്. കോലിയെ പുറത്തക്കാനുള്ള പന്തായിരുന്നു അത്. ആ രീതിയില്‍ നെറ്റ്‌സില്‍ പരിശീലനം നടത്താന്‍ റഷീദിനെ എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. വിരാടിനുള്ള പന്തെന്നാണ് അത് അറിയപ്പെടുന്നത്. കോലിക്കെതിരെ എപ്പോഴും നന്നായി ഗൃഹപാഠം ചെയ്താണ് ഇംഗ്ലണ്ട് ടീം ഇറങ്ങാറുള്ളതെന്നും സഖ്ലിയന്‍ ലൈവില്‍ പറഞ്ഞു.

Top