പാക്കിസ്ഥാന്‍ ഫൈനല്‍ കളിക്കാന്‍ യോഗ്യരായിരുന്നില്ലെന്ന് മുന്‍ പാക് താരം മുഹമ്മദ് ആമിര്‍

മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പാക്കിസ്ഥാന്‍ കിരീടം കൈവിട്ടെങ്കിലും ടീം പുറത്തെടുത്ത പോരാട്ടവീര്യത്തെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ആദ്യം ബാറ്റ് ചെയ്ത് 137 റണ്‍സ് എടുത്തുള്ളുവെങ്കിലും ഇംഗ്ലണ്ടിനെ വെള്ളംകുടിപ്പിച്ചാണ് പാക് പേസര്‍മാര്‍ ജയിക്കാന്‍ അനുവദിച്ചത്.

സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 10 വിക്കറ്റിന്റെ ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഫൈനലില്‍ കുറഞ്ഞ സ്കോര്‍ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ പുറത്തെടുത്ത പോരാട്ടവീര്യത്തെ ഇന്ത്യന്‍ ആരാധകര്‍ പോലും പ്രശംസിക്കുന്നതിനിടെ പാക്കിസ്ഥാന്‍ ഫൈനല്‍ കളിക്കാന്‍ യോഗ്യരല്ലായിരുന്നുവെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിര്‍.

പാക്കിസ്ഥാന്‍ ഫൈനലില്‍ എത്തിയത് തന്നെ വലിയ കാര്യമാണെന്നും എങ്ങനെയാണ് നമ്മള്‍ ഫൈനലില്‍ എത്തിയതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ആമിര്‍ പറഞ്ഞു. പാക് ടീമിന്റെ ബാറ്റിംഗ് നിലവാരമില്ലാത്തതായിരുന്നുവെന്നും ആമിര്‍ വ്യക്തമാക്കി. നമ്മള്‍ ഫൈനല്‍ കളിച്ചു എന്നത് തന്നെ വലിയ കാര്യം. ഫൈനലിലെത്താന്‍ നമ്മള്‍ ശരിക്കും യോഗ്യരായിരുന്നില്ല. ദൈവത്തിന്റെ സഹായത്തില്‍ നമ്മളെ ഫൈനലില്‍ എത്തിച്ചു.

അതുവരെയുള്ള നമ്മുടെ ബാറ്റിംഗ് നിരയുടെ പ്രകടനം നോക്കിയാല്‍ ഫൈനലിലെ ഫലം നമുക്കെല്ലാം ഊഹിക്കാനുന്നതായിരുന്നു. സിഡ്നിയില്‍ നിന്ന് പുറത്തു കടന്നപ്പോഴെ ഇത് സംഭവിക്കുമെന്ന് അറിയാമായിരുന്നു. ഇന്ത്യക്കെതിരെ നടന്ന മത്സരത്തിലേതുപോലെയുള്ള പിച്ചായിരിക്കും മെല്‍ബണില്‍ ഇത്തവണയുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ ബുദ്ധിമുട്ടുമെന്നും. അതുപോലെ സംഭവിച്ചു. ടോസ് നഷ്ടമായശേഷം നമുക്ക് മികച്ച തുടക്കം ലഭിച്ചതാണ്. പക്ഷെ എല്ലാം കളഞ്ഞു കുളിച്ചു.

മുഹമ്മദ് ഹാരിസ് തുടക്കം മുതല്‍ തകര്‍ത്തടിക്കാന്‍ നോക്കിയെങ്കിലും അല്‍പം കൂടി ബുദ്ധിപരമായി കളിക്കണമായിരുന്നു. ഏത് ഷോട്ടുകള്‍ എപ്പോള്‍ കളിക്കണമെന്ന് ആദ്യം തിരിച്ചറിയണം. ആക്രണശൈലി മാത്രം പോരാ, കുറച്ച് ബുദ്ധി കൂടി പ്രയോഗിക്കണം. ആദില്‍ റഷീദിന്റെ നേരിട്ട ആദ്യ പന്ത് തന്നെ ക്രീസ് വിട്ടിറങ്ങി അടിക്കാനാണ് ഹാരിസ് ശ്രമിച്ചത്. ഇത്തരം പിച്ചുകളില്‍ നിലയുറപ്പിച്ചവര്‍ പിടിച്ചു നില്‍ക്കുകയാണ് വേണ്ടത്. പുതിയ ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ സമയമെടുക്കും. ബെന്‍ സ്റ്റോക്സിന്റെ കളി ഇതിന് ഉദാഹരണമാണെന്നും ആമിര്‍ പറഞ്ഞു.

Top