തന്റെ പന്തുകളുടെ വേഗത വിരാട് കോലിയെ ഞെട്ടിച്ചിരുന്നുവെന്ന് മുന്‍ പാക് താരം

കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ താരം ഗൗതം ഗംഭീറും എന്റെ പന്തിന്റെ വേഗം കണ്ട് അമ്പരിന്നുവെന്ന് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ഇര്‍ഫാന്‍. നേരത്തെ, ഗൗതം ഗംഭീറിന്റെ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചത് താനാണെന്ന് അവകാശപ്പെട്ട് ഇര്‍ഫാന്‍ രംഗത്തെത്തിയിരുന്നു. അവതാരകയായ സവേറ പാഷയുമായി യൂട്യൂബില്‍ നടത്തിയ അഭിമുഖത്തിലാണ് ഇര്‍ഫാന്റെ അവകാശവാദം.

‘ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് എന്റെ പന്തുകള്‍ കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. 2012ലെ പരമ്പരയില്‍ എന്റെ പന്തുകള്‍ കാണാനാകാതെ ഉഴറിയിരുന്ന താരമാണ് ഗംഭീര്‍. ഞാനെറിയുന്ന ബൗണ്‍സറുകള്‍ കളിക്കാനാകാതെ വിഷമിച്ചിരുന്ന അദ്ദേഹത്തെ കണ്ട്, ഗംഭീറിനെന്തോ പറ്റി എന്ന് എല്ലാവരും വിസ്മയിച്ചിരുന്നൂവെന്നാണ് ഇര്‍ഫാന്‍ അവകാശപ്പെടുന്നത്.

തന്റെ പന്തുകളുടെ വേഗത അന്നും ടീമില്‍ അംഗമായിരുന്ന കോലിയെയും ഞെട്ടിച്ചിരുന്നു. ഇക്കാര്യം കോലി തന്നെ തന്നോടു നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഇര്‍ഫാന്‍ പറയുന്നു. ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ഞാനൊരു സാധാരണ ബോളറായാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ആദ്യ പന്ത് തന്നെ 146 കിലോമീറ്റര്‍ വേഗത്തില്‍ പായുന്നത് കണ്ട് കോലി ഞെട്ടി.

രണ്ടാമത്തെ പന്തിന് അതിനേക്കാള്‍ വേഗമുണ്ടായിരുന്നു. വേഗത അളക്കുന്ന യന്ത്രത്തിന് വല്ലതും സംഭവിച്ചോയെന്നായിരുന്നു കോലിയുടെ സംശയം. ഇതെല്ലാം വിരാട് കോലി എന്നോട് നേരിട്ട് വെളിപ്പെടുത്തിയ കാര്യങ്ങളാണ്. എന്റെ അടുത്ത പന്ത് 148 കിലോമീറ്റര്‍ വേഗത്തില്‍ പായുന്നത് കണ്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്തിരുന്ന ആളോട് കയര്‍ത്തു സംസാരിച്ചതായും കോലി എന്നോട് പറഞ്ഞൂവെന്നും ഇര്‍ഫാന്‍ അവകാശപ്പെട്ടു.

Top