ബലാത്സംഗം കേസ്; നേപ്പാള്‍ മുന്‍ ക്യാപ്റ്റനും ഐപിഎല്‍ മുന്‍താരവുമായ സന്ദീപ് ലാമിച്ചന കുറ്റക്കാരൻ

കാഠ്മണ്ഡു : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഐ.പി.എല്‍. മുന്‍ താരവുമായ സന്ദീപ് ലാമിച്ചനയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച അന്തിമ വാദം കേള്‍ക്കല്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ജഡ്ജി ശശിര്‍ രാജ് ധാകലിന്റെ സിംഗിള്‍ ബെഞ്ചാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

അതേസമയം ജയില്‍ ശിക്ഷ സംബന്ധിച്ച് അടുത്ത ഹിയറിങ്ങില്‍ തീരുമാനമുണ്ടാകും. നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് 23-കാരനായ താരം. 2022 ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് 17-കാരിയെ ബലാത്സംഗം ചെയ്തത്. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ ലാമിച്ചനയെ അറസ്റ്റുചെയ്തു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കഴിഞ്ഞ ജനുവരി 13-ന് പഠാന്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഐ.പി.എലില്‍ 2018-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി അരങ്ങേറിയിട്ടുണ്ട് ലാമിച്ചന. നേപ്പാള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും സ്പിന്‍ ബൗളറുമായ താരം ഐ.പി.എലിനു പുറമേ ബഗ്ബാഷ് ലീഗ്, പാകിസ്താന്‍ സൂപര്‍ ലീഗ്, സി.പി.എല്‍ എന്നിവയിലും കളിച്ചിട്ടുണ്ട്.

Top