മുന്‍ ദേശീയ താരം അജിത് അഗാര്‍ക്കര്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സിലക്ടര്‍

മുന്‍ ദേശീയ താരം അജിത് അഗാര്‍ക്കര്‍ പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സിലക്ടറായി നിയമിതനായി. ബിസിസിഐ ആണ് അജിത് അഗാര്‍ക്കറെ ചീഫ് സിലക്ടറായി തെരഞ്ഞെടുത്തത്. ചീഫ് സിലക്ടര്‍ സ്ഥാനത്തേക്ക് ഇന്നലെ നടന്ന അഭിമുഖത്തില്‍ അഗാര്‍ക്കര്‍ മാത്രമായിരുന്നു പങ്കെടുത്തത്. ഇതിനു പിന്നാലെയാണ് അഗാര്‍ക്കറെ നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്.

ഇന്ത്യയ്ക്കായി 191 ഏകദിനങ്ങളും 26 ടെസ്റ്റും 4 ട്വന്റി20 മത്സരങ്ങളും കളിച്ച അഗാര്‍ക്കര്‍, 1999, 2003, 2007 ഏകദിന ലോകകപ്പ് ടീമുകളുടെയും 2007ല്‍ ട്വന്റി20 ലോകകപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ചേതന്‍ ശര്‍മ ചീഫ് സിലക്ടര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഒരു ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി, വിവാദത്തില്‍പെട്ടതോടെയാണ് ചേതന്‍ ശര്‍മ രാജി വച്ചത്.

45 വയസ്സുകാരനായ അജിത് അഗാര്‍ക്കര്‍ക്കു പുറമേ ശിവ് സുന്ദര്‍ ദാസ്, സലീല്‍ അങ്കോല, സുബ്രതോ ബാനര്‍ജി, എസ്. ശരത് എന്നിവരാണ് സിലക്ഷന്‍ കമ്മിറ്റിയിലുള്ളത്. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുകയെന്നതാകും സിലക്ഷന്‍ കമ്മിറ്റിയുടെ ആദ്യ ചുമതല

Top