മോഡലുകളുടെ മരണം; ഡ്രൈവര്‍ കസ്റ്റഡിയില്‍, മൊഴികള്‍ കേസിന്റെ ഗതി നിശ്ചയിക്കും !

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നു പേര്‍ മരിച്ച അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാന്‍ പൊലീസ് കസ്റ്റഡിയില്‍. കേസ് അന്വേഷിക്കുന്ന ഇന്‍സ്‌പെക്ടര്‍ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ മൂന്നു ദിവസത്തെ കസ്റ്റഡിക്കാണ് അപേക്ഷ നല്‍കിയത് എങ്കിലും ഉച്ചയ്ക്ക് ഒന്നര മുതല്‍ നാലര വരെയുള്ള മൂന്നു മണിക്കൂര്‍ മാത്രമാണ് കോടതി കസ്റ്റഡിയില്‍ നല്‍കിയത്.

ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് കുറഞ്ഞ സമയത്തേയ്ക്കു മാത്രം കസ്റ്റഡിയില്‍ നല്‍കിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്താണ് പൊലീസ് അബ്ദുള്‍ റഹ്‌മാനെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

അപകടത്തിന്റെ അന്വേഷണം കൂടുതല്‍ ദുരൂഹതകളിലേക്കു വിരല്‍ ചൂണ്ടുന്ന സാഹചര്യത്തില്‍ അബ്ദുള്‍ റഹ്‌മാന്റെ മൊഴി നിര്‍ണായകമാണ്. എന്തുകൊണ്ട് അതിവേഗം വാഹനം ഓടിച്ചു എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിശദീകരണം നല്‍കേണ്ടത് ഇയാളാണ്.

മോഡലുമായി സഞ്ചരിച്ച കാറിനെ ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടലില്‍ നിന്നുള്ള കാര്‍ പിന്തുടര്‍ന്നത് എന്തിനാണ് എന്നതില്‍ വ്യക്തത വരാനുണ്ട്. കാറുകള്‍ മല്‍സര ഓട്ടം നടത്തിയതായി ഇവരെ പിന്തുടര്‍ന്ന കാര്‍ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഇത് എന്തിനു വേണ്ടിയായിരുന്നു എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

പ്രതികള്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ സൂചനകളും പുറത്തു വരുന്നുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉടമ ഇടപെട്ട് നീക്കിയതും പൊലീസിനു പിടികൊടുക്കാതെ ഹോട്ടല്‍ ഉടമ മുങ്ങിയതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തേണ്ടത് ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാന്റെ മൊഴിയില്‍ നിന്നാണ്.

Top