മുന്‍ മിസ് ഇന്ത്യയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമം: ഏഴു യുവാക്കള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: മുന്‍ മിസ് ഇന്ത്യയും നടിയും മോഡലുമായ ഉഷോശി സെന്‍ഗുപ്തയെ ആക്രമിച്ച ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഉഷോശി സെന്‍ഗുപ്തയും സഹപ്രവര്‍ത്തകനും ഊബര്‍ ടാക്സില്‍ സഞ്ചരിക്കുന്നതിനിടെ മൂന്ന് ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.

സംഭവത്തില്‍ പരാതി നല്‍കാന്‍ പോയിട്ടും നഗരത്തിലെ രണ്ട് പോലീസ് സ്റ്റേഷനുകളില്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഉഷോശി കഴിഞ്ഞദിവസം ഫെയ്സ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്നീട് ചര്‍ച്ചയായതോടെയാണ് കൊല്‍ക്കത്ത പോലീസ് കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.ഊബര്‍ ടാക്സി ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു യുവാക്കള്‍ ആദ്യം അക്രമം അഴിച്ചുവിട്ടത്. ഡ്രൈവറെ മര്‍ദിച്ച യുവാക്കള്‍ കാറിന്റ ചില്ലുകള്‍ തകര്‍ക്കാനും ശ്രമിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ നടി മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് മൈതാന്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കിയെങ്കിലും തങ്ങളുടെ പരിധിയിലല്ല സംഭവം നടന്നതെന്ന് പറഞ്ഞ് പോലീസുകാര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് ചാരുമാര്‍ക്കറ്റ് പോലീസ് സ്റ്റേഷനില്‍ പോയി പരാതി അറിയിച്ചെങ്കിലും അവിടെത്തെ പോലീസുകാരും കൈയൊഴിഞ്ഞു. ഇതോടെ നടിയും സഹപ്രവര്‍ത്തകനും ഡ്രൈവറും തിരികെ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

വീട്ടിലേക്ക് മടങ്ങുന്ന വഴി ഇവരെ വീണ്ടും പിന്തുടര്‍ന്നെത്തിയ യുവാക്കളുടെ സംഘം ലേക്ക് ഗാര്‍ഡന് സമീപത്ത് വെച്ച് വീണ്ടും കാര്‍ തടഞ്ഞു. കാറിന് നേരേ കല്ലെറിയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. നടിയെ കാറില്‍നിന്ന് വലിച്ചിറക്കി മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

Top