ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ച് പാക്ക് മുന്‍ മന്ത്രി

ഇസ്‌ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ച് പാക്കിസ്ഥാന്‍ മുന്‍ മന്ത്രിയും ഭരണകക്ഷിയിലെ പ്രമുഖ നേതാവുമായ ചൗധരി നിസാര്‍ അലി ഖാന്‍.

തീവ്രവാദികളെ നേരിടാന്‍ പാക്കിസ്ഥാന് അമേരിക്ക കോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായം നല്‍കിയെന്ന ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചാണ് പാക്കിസ്ഥാന്‍ മുന്‍ മന്ത്രി രംഗത്തു വന്നത്.

പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് കോടികളൊന്നും അമേരിക്ക നല്‍കിയിട്ടില്ലെന്നും ‘നിലക്കടല’ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, പത്ത് വര്‍ഷത്തിനിടെ അമേരിക്കയില്‍നിന്ന് പാക്കിസ്ഥാന് ലഭിച്ച സഹായം എത്രയെന്ന് തിട്ടപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാക്കിസ്ഥാനില്‍ ഭീകരര്‍ക്കുവേണ്ടി സുരക്ഷിത താവളങ്ങളില്ല. ഇതേക്കുറിച്ചുള്ള ആരോപണത്തിന് അമേരിക്ക തെളിവ് നല്‍കണമെന്നും ചൗധരി നിസാര്‍ വ്യക്തമാക്കി.

അമേരിക്കയുമായുള്ള ഉഭയകക്ഷിബന്ധം പാകിസ്താന്‍ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് മുന്‍മന്ത്രി രംഗത്തെത്തിയിട്ടുള്ളത്.

അടുത്തകാലംവരെ പാക് ആഭ്യന്തരകാര്യ മന്ത്രിയായിരുന്ന നേതാവാണ് ചൗധരി നിസാര്‍.

യു.എസില്‍നിന്ന് കോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സാഹയം വാങ്ങിയ പാക്കിസ്ഥാന്‍ തങ്ങള്‍ തിരയുന്ന ഭീകരര്‍ക്ക് സുരക്ഷിത താവളം നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു.

Top