രാജ്യദ്രോഹക്കുറ്റം; പര്‍വേസ് മുഷ്‌റഫിന് വധശിക്ഷ വിധിച്ച് പ്രത്യേക കോടതി

മുന്‍ സൈനിക സ്വേച്ഛാധിപതി റിട്ടയേര്‍ഡ് ജനറല്‍ പര്‍വേസ് മുഷ്‌റഫിന് രാജ്യദ്രോഹക്കുറ്റത്തില്‍ വധശിക്ഷ വിധിച്ചത് പ്രത്യേക കോടതി. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ സേത്ത്, സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നാസര്‍ അക്ബര്‍, ലാഹോര്‍ ഹൈക്കോടതി ജസ്റ്റിസ് ഷാഹിദ് കരീം എന്നിവരടങ്ങുന്ന മൂന്നംഗ പ്രത്യേക കോടതിയാണ് വധശിക്ഷ നല്‍കിയത്. മൂന്നില്‍ രണ്ട് ജഡ്ജിമാരും പരമാവധി ശിക്ഷയെ അനുകൂലിച്ചു.

മുന്‍ സൈനിക മേധാവിക്ക് പുറമെ മുന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസ്, അബ്ദുള്‍ ഹമീദ് ഡോങ്കര്‍, സാഹിദ് ഹമീദ് എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ പ്രവൃത്തികള്‍ ചെയ്തവരെയും സഹായിച്ചവരെയും ഒരുപോലെ വിചാരണ ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

സുപ്രീംകോടതി വിഷയത്തില്‍ തീരുമാനം കൈക്കൊണ്ട സാഹചര്യത്തില്‍ പുതിയ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് രണ്ട് മാസം സമയം അനുവദിച്ചു. അതേസമയം മുഷാറഫിന് മാന്യമായ വിചാരണയ്ക്കുള്ള അവകാശം നല്‍കണമെന്നാണ് മുന്‍ സൈനിക ഭരണാധികാരിയുടെ അഭിഭാഷകന്‍ വാദിച്ചത്. മുന്‍പ് ആറ് തവണ മൊഴി നല്‍കാന്‍ കോടതിയില്‍ എത്താന്‍ ആവശ്യപ്പെട്ടെങ്കിലും മുഷാറഫ് ഇതില്‍ വീഴ്ച വരു്തതിയെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കിയ സംഭവത്തിലാണ് മുഷാറഫിന് എതിരായ കേസ്. എന്നാല്‍ വിചാരണ വൈകിപ്പിക്കുകയും ഇതിനിടെ 2016 മാര്‍ച്ചില്‍ മുഷാറഫ് രാജ്യം വിടുകയും ചെയ്തിരുന്നു.

Top