ബംഗാളില്‍ മമതയും കാവിക്ക് വഴിമാറി, വെട്ടിലാകുന്നത് മത ന്യൂനപക്ഷങ്ങള്‍ . . .

നിവാര്യമായ ഒരു വീഴ്ചയുടെ പടിക്കലാണിപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നില്‍ക്കുന്നത്. മമതയുടെ വലം കൈയ്യായ സോവന്‍ ചാറ്റര്‍ജി കൂടി ബി.ജെ.പിയിലെത്തിയതിലൂടെ കാവിയിലേക്കുള്ള ദൂരമാണ് തൃണമൂല്‍ നേതാക്കളെയും അനുയായികളെയും സംബന്ധിച്ച് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.

നീണ്ട 34 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി അധികാരത്തില്‍ വന്നവരാണിപ്പോള്‍ പകച്ച് നില്‍ക്കുന്നത്. കമ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്യാനും അടിച്ചമര്‍ത്താനും മമത സ്വീകരിച്ച നടപടികളാണ് ബംഗാളില്‍ ചുവടുറപ്പിക്കാന്‍ ബി.ജെ.പിക്ക് അവസരം നല്‍കിയിരിക്കുന്നത്.

ഇടതുപക്ഷത്തോടൊപ്പം നിന്ന ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ പരിധിവിട്ട പ്രീണനമാണ് മമത ബംഗാളില്‍ നടപ്പാക്കിയിരുന്നത്. ഇതാണ് ഹിന്ദുത്വവാതമുയര്‍ത്തി കേന്ദ്ര ഭരണ തണലില്‍ ബംഗാളില്‍ പിടിമുറുക്കാന്‍ ബി.ജെ.പിയെ സഹായിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളാണ് ബി.ജെ.പി ബംഗാളില്‍ നിന്നും നേടിയിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 22 സീറ്റുകളാണ്. 2014ല്‍ 42 സീറ്റില്‍ 34 ഉം തൂത്ത് വാരിയത് തൃണമൂലായിരുന്നു. ഇടതുപക്ഷം പാകപ്പെടുത്തിയ രാഷ്ട്രീയ ബംഗാളിന്റെ ഇപ്പോഴത്തെ ഈ മാറുന്ന മുഖം മതനിരപേക്ഷ മനസ്സുകളെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്.

ഇടതുപക്ഷ ഭരണം നല്‍കിയ സുരക്ഷിതത്വം മമത ഭരണത്തില്‍ നിന്നും ലഭിക്കില്ലെന്ന തിരിച്ചറിവും ന്യൂനപക്ഷത്തിലെ പ്രബല വിഭാഗത്തിന് ഇല്ലാതെ പോയി. അവര്‍ കൂട്ടത്തോടെ തൃണമൂലിനെ പിന്തുണച്ചതാണ് മമതക്ക് ബംഗാളില്‍ തുടര്‍ ഭരണം സാധ്യമാക്കിയിരുന്നത്. ന്യൂനപക്ഷ പിന്തുണയില്‍ മതിമറന്ന മമത ഇനി ബംഗാളില്‍ ഒരിക്കലും ചുവപ്പ് സൂര്യന്‍ ഉദിക്കില്ലെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

മമതയുടെ ബി.ജെ.പി വിരുദ്ധ വണ്‍മാന്‍ ഷോയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ശരിക്കും വീണു പോവുകയായിരുന്നു. കമ്യൂണിസ്റ്റുകളെ പോലെ പ്രത്യശാസ്ത്രപരമായ എതിര്‍പ്പല്ല, തന്ത്രപരമായ എതിര്‍പ്പ് മാത്രമാണ് കാവിയോട് തൃണമൂലിന് ഉള്ളതെന്നത് തിരിച്ചറിയാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

തൃണമൂലിന്റെ നട്ടെല്ലായിരുന്ന മുകള്‍റോയിക്ക് പിന്നാലെ ഇപ്പോള്‍ മമതയുടെ ഏറ്റവും ശക്തനായ അനുയായി സോവന്‍ ചാറ്റര്‍ജിയും കാവിയണിഞ്ഞു കഴിഞ്ഞു. മുന്‍ കൊല്‍ക്കത്ത മേയര്‍ കൂടിയായ സോവന്റെ കൂടുമാറ്റം തൃണമൂല്‍ നേതാക്കളുടെ യഥാര്‍ത്ഥ മനസ്സ് പ്രകടമാക്കുന്നതാണ്. ഇനിയും നിരവധി നേതാക്കള്‍ ബി.ജെ.പിയിലെത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.

മമതയുടെ ന്യൂനപക്ഷ പ്രീണനവും ഏകാധിപത്യ ഭരണവുമാണ് ബി.ജെ.പി ബംഗാളില്‍ ഉപയോഗപ്പെടുത്തി വരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നടന്ന സംഘര്‍ഷങ്ങളെ വോട്ടാക്കി മാറ്റാനും ബിജെപിക്ക് കഴിഞ്ഞു. അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ പ്രചരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത് തന്നെ മമതയുടെ മണ്ടന്‍ തീരുമാനമായിരുന്നു.

കാവിയെ തുരത്താന്‍ ആശയപരമായ പോരാട്ടത്തിന് പകരം വൈകാരികമായി മമത ഭരണകൂടം പ്രതികരിച്ചതാണ് ഇവിടെ പിഴച്ചത്. ആക്രമിക്കപ്പെടുമ്പോള്‍ പോലും പ്രത്യശാസ്ത്ര നിലപാടുകള്‍ മുറുകെ പിടിച്ച് മാത്രം പ്രതിരോധിക്കുന്ന കമ്യൂണിസ്റ്റുകളല്ല മോദിയും അമിത് ഷായുമെന്നത് മമത ഓര്‍ക്കാതെ പോയി.

ന്യൂനപക്ഷത്തിലെ പ്രബല വിഭാഗത്തെ ഒപ്പം നിര്‍ത്തിയുള്ള മമതയുടെ കടന്നാക്രമണത്തെ അതേ നാണയത്തില്‍ തന്നെയാണ് കാവിപ്പടയും തിരിച്ചടിച്ചുകൊണ്ടിരിക്കുന്നത് . തൃണമൂല്‍ ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ വിഭാഗത്തിന്റെ പിന്തുണയും ഇവിടെ ഹിന്ദുത്വവാദികള്‍ ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയും കാവിപ്പടക്കുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. വീണ്ടും മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ബംഗാളിലെ കരുനീക്കവും ശക്തമായി കഴിഞ്ഞു. തൃണമൂല്‍ നേതാക്കളുടെ കൂടുമാറ്റം അതാണ് സൂചിപ്പിക്കുന്നത്.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പാണ് ഇനി ബി.ജെ.പിയുടെ ഉന്നം. യു.പിയുടെ പകുതി ലോക്‌സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വംഗനാട് ആര്‍.എസ്.എസിനും ഏറെ പ്രിയപ്പെട്ടതാണ്. ഒരു കാലത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണാണിപ്പോള്‍ കാവിയില്‍ മുങ്ങുന്നത്. അതിന് കാരണക്കാര്‍ മമത ഭരണകൂടവും ഒരു വിഭാഗം ന്യൂനപക്ഷ വിഭാഗക്കാരും മാത്രമാണ്.

മനുഷ്യനെ മനുഷ്യനായി കണ്ട് അവന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് കമ്യൂണിസ്റ്റുകള്‍ ചെയ്തത്. എന്നാല്‍ അന്ധമായ കമ്യൂണിസ്റ്റ് വിരോധത്താല്‍ മമത കാട്ടികൂട്ടിയത് നേരെ മറിച്ചാണ്. ചുവപ്പിനൊപ്പം നിന്ന ന്യൂനപക്ഷ വിഭാഗത്തെ അടര്‍ത്തിമാറ്റാന്‍ അവര്‍ നടത്തിയ നീക്കം അപകടകരമായിരുന്നു. ഈ വലിയ പിഴവിലാണ് കാവി വിത്തുകളിപ്പോള്‍ മുളക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണം പിടിച്ചാല്‍ അത് ബംഗാളിനെ സംബന്ധിച്ച് എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നത് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്.

ഇടതുപക്ഷ ഭരണകാലത്ത് ഒരു ആള്‍ക്കൂട്ട കൊലപാതകങ്ങളും ബംഗാളില്‍ നടന്നിട്ടില്ല. ഒരു വര്‍ഗ്ഗീയ കലാപത്തിനും സാക്ഷ്യം വഹിച്ചിട്ടുമില്ല. ഗുജറാത്ത് കലാപത്തിന്റെ ഇര കുത്തുബുദ്ദീന്‍ അന്‍സാരിക്ക് അഭയം നല്‍കിയ നാടാണിത്. ജ്യോതി ബസു സര്‍ക്കാരാണ് അന്‍സാരിക്ക് അന്ന് അഭയം നല്‍കിയിരുന്നത്.ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് എത്രമാത്രം സുരക്ഷിതത്വമാണ് കമ്യൂണിസ്റ്റുകള്‍ നല്‍കുക എന്നതിന്റെ ഉദാഹരണമായിരുന്നു അത്. എന്നിട്ടും ഈ പ്രബല വിഭാഗം ചുവപ്പിനെ കൈവിട്ട് പിന്നീട് മമതക്ക് കൈ കൊടുക്കുകയാണ് ചെയ്തത്. ആ വലിയ പിഴവിനാണ് ഇന്ന് ബംഗാള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നാളെക്കു മുന്നില്‍ ഭീഷണിയായി നില്‍ക്കുന്നതും ഈ പിഴവ് തന്നെയാണ്.

വര്‍ഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ആപത്താണ്. അത് തുറന്ന് പറഞ്ഞതാണ് സി.പി.എമ്മിന് വിനയായത്. എന്നാല്‍ എത്ര തിരിച്ചടികള്‍ നേരിട്ടിട്ടും നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ആ പാര്‍ട്ടി ഇതുവരെ തയ്യാറായിട്ടില്ല. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് തിരഞ്ഞെടുപ്പിലെ ജയ പരാജയങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാറില്ല. പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നതാണ് ചെമ്പടയുടെ നയം.

ബംഗാളിനെ സംബന്ധിച്ച് അത്ര പെട്ടെന്ന് ഒന്നും ചുവപ്പിനെ പൂര്‍ണ്ണമായും തൂത്തെറിയാന്‍ കഴിയുകയില്ല. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നതും സിപിഎം നേതാക്കള്‍ക്ക് തന്നെയാണ്. കൈവിട്ട് പോയവര്‍ തന്നെ കൈ കൊടുക്കാന്‍ തിരിച്ചു വരും. വൈകിയാണെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം.

Top