മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ഡോ. സി.കെ ഭാസ്കരൻ നായർക്ക് വിട

മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ഡോ. സി.കെ ഭാസ്കരൻ നായർ അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. കാൻസർ ബാധിതനായിരുന്നു. കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിച്ച താരമായിരുന്നു സി.കെ ഭാസ്കരൻ നായർ എന്ന ചന്ദ്രോത്ത് കല്യാടൻ ഭാസ്കരൻ. സിലോണിനെതിരെയായിരുന്നു മത്സരം. അന്ന് സിലോണിന് ടെസ്റ്റ് പദവി ഇല്ലാതിരുന്നതിനാൽ ഈ ടെസ്റ്റ് അനൗദ്യോഗിക മത്സരമാകുകയായിരുന്നു. ആ മത്സരത്തിൽ 18 ഓവറുകൾ എറിഞ്ഞ സി.കെ 51 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

കേരളത്തിനായി 21 മത്സരങ്ങളിലെ 37 ഇന്നിങ്സുകളിൽ നിന്ന് 69 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ആന്ധ്രയ്ക്കെതിരേ 86 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. നാലു തവണ കേരളത്തിനായി അഞ്ചു വിക്കറ്റ് പ്രകടനം നടത്തി. 345 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. ആന്ധ്രയ്ക്കെതിരേ നേടിയ 59 റൺസാണ് ഉയർന്ന സ്കോർ. മദ്രാസിനായി 12 രഞ്ജി മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 24 വിക്കറ്റുകൾ മദ്രാസിനായി വീഴ്ത്തി.

Top