കേരള മുന്‍ രഞ്ജി ടീം ക്യാപ്റ്റന്‍ അനന്തപത്മനാഭന്‍ ഐസിസി രാജ്യാന്തര അമ്പയര്‍ പാനലില്‍

കൊച്ചി: കേരളത്തിന്റെ മുന്‍ രഞ്ജി ടീം ക്യാപ്റ്റന്‍ അനന്തപത്മനാഭന്‍ ഐ.സി.സിയുടെ രാജ്യാന്തര അമ്പയര്‍മാരുടെ പാനലില്‍. ഐ.പി.എല്ലിലും ഇന്ത്യയിലെ മറ്റു ആഭ്യന്തര മത്സരങ്ങളിലും അമ്പയറായിരുന്ന അനന്തപത്മനാഭന്‍ കേരളത്തിന്റെ മുന്‍ രഞ്ജി ടീം ക്യാപ്റ്റന്‍ കൂടിയാണ്. അമ്പതാം വയസ്സിലാണ് അദ്ദേഹം ഈ നേട്ടത്തിലെത്തുന്നത്.

അനന്തപത്മനാഭനെ കൂടാതെ സി.ഷംസുദ്ദീന്‍, അനില്‍ ചൗധരി, വീരേന്ദര്‍ ശര്‍മ എന്നിവരാണ് രാജ്യാന്തര പാനലിലുള്ള മറ്റു അമ്പയര്‍മാര്‍. അതേസമയം നിതിന്‍ മേനോന്‍ ഐ.സി.സിയുടെ എലൈറ്റ് പാനലിലും ഇടം നേടി.

2009 മുതല്‍ 2018 വരെ 61 ട്വന്റി-20 മത്സരങ്ങളില്‍ അമ്പയറായി. ഒപ്പം 27 ലിസ്റ്റ് എ മത്സരങ്ങളും 58 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു. 1988 മുതല്‍ 2004 വരെ കേരള ടീമംഗമായിരുന്ന അനന്തപത്മനാഭന്‍ ലെഗ് സ്പിന്നര്‍ ബൗളറും ബാറ്റ്‌സ്മാനുമായിരുന്നു. മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താനായില്ല. ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ ടീമില്‍ സ്ഥിരം സാന്നിധ്യമായതിനാല്‍ കേരള താരത്തിന് ഇന്ത്യന്‍ ജഴ്‌സി അണിയാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നു.

105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റും 2891 റണ്‍സും നേടിയിട്ടുണ്ട്. 54 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റും 493 റണ്‍സും സ്വന്തമാക്കി. കരിയറില്‍ ഒരു ഇരട്ട സെഞ്ചുറിയും രണ്ടു സെഞ്ചുറികളുമുണ്ട്.

Top