Former Karnataka Minister Janardhan Reddy Arrested in Illegal Mining Case

ബംഗളുരു: ഇരുമ്പയിര് കയറ്റുമതിയിലെ അഴിമതിയും നിയമവിരുദ്ധമായ കയറ്റുമതിയുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക മുന്‍ മന്ത്രി ജി.ജനാര്‍ദ്ദന റെഡ്ഡിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. റെഡ്ഡിയെ ബംഗളൂരുവിലെ ലോകായുക്ത കോടതിയില്‍ ഹാജരാക്കി. നവംബര്‍ 26 വരെ റെഡ്ഡിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

2004നും 2006നുമിടയ്ക്ക് ബല്ലാരിയിലെ വല്ലനഹള്ളിയില്‍ അനധികൃത ഘനനം നടത്തി മൂന്ന് ലക്ഷം മെട്രിക് ടണ്ണോളം ഇരുമ്പയിര് കടത്തിയതായാണ് കേസ്.

ലോകായുക്ത റിപ്പോര്‍ട്ട് രണ്ടാം ഭാഗത്തിന്റെ അടിസ്ഥാനത്തില്‍ 13 എഫ്.ഐ.ആറുകളാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. രണ്ട് കേസുകളില്‍ മുന്‍കൂര്‍ ജാമ്യവും ബാക്കിയുള്ളവയില്‍ ഇടക്കാല ജാമ്യവുമാണ് റെഡ്ഡി നേടിയിരുന്നത്.

റെഡ്ഡി പിന്നീട് ഒളിവിലായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാനായി എസ്.ഐ.ടി അയച്ച നോട്ടീസുകള്‍ക്കൊന്നും മറുപടി കിട്ടിയിരുന്നില്ല. ജാമ്യവ്യവസ്ഥ പ്രകാരം സി.ബി.ഐ ഓഫീസില്‍ ഒപ്പിടാനെത്തിയ റെഡ്ഡിയെ എസ്.ഐ.ടി അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനാര്‍ദ്ദന റെഡ്ഡിയുടെ പേരില്‍ 14ാമത്തെ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞു. റെഡ്ഡിയുടെ സഹായി മെഹ്ഫൂസ് അലി ഖാനേയയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Top