ദിനേശ് കാര്‍ത്തികിനെ ടീമില്‍ എടുത്തതിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

മുംബൈ: ഐപിഎല്ലിൽ നടത്തിയ പ്രകടനത്തിന്റെ മികവിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ച് വരവ് നടത്തിയ താരമാണ് ദിനേശ് കാര്‍ത്തിക്. മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ താരം പുറത്ത് എടുത്ത ഫിനിഷിംഗിലെ മികവാണ് വീണ്ടും ദേശീയ ടീമിലക്കുള്ള വഴിയൊരുക്കിയത്. ആര്‍സിബിക്ക് വേണ്ടി പുറത്തെടുത്ത പ്രകടനം അദ്ദേഹം ഇന്ത്യന്‍ ടീമിലും തുടരുന്നുണ്ട്. ചില മത്സരങ്ങളില്‍ മികവിലേക്ക് ഉയരാന്‍ സാധിച്ചതുമില്ല. എന്നാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താന്‍ വെറ്ററന്‍ താരത്തിനായി.

കാർത്തികിനെ ടീമിൽ സെലക്ട് ചെയ്തതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യന്‍ താരം വിവേക് റസ്ദാന്‍. കാര്‍ത്തികിന് വേണ്ടി ഒരുസ്ഥാനം മാറ്റിവെക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. ”കാര്‍ത്തികിനെ കളിപ്പിക്കുന്നതില്‍ എനിക്ക് ഒട്ടും യോജിപ്പില്ല. അദ്ദേഹത്തിന് വേണ്ടി ഒരു സ്ഥാനം മാറ്റിവെക്കുന്നത് ശരിയല്ല. കാരണം കാര്‍ത്തിക് കളിക്കുന്ന റോള്‍ ഏറ്റെടുക്കാന്‍ ടീമിലെ മറ്റുതാരങ്ങള്‍ക്കും സാധിക്കും. ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വിരാട് കോലി എന്നിവര്‍ക്കെല്ലാം ഈ ജോലി ഭംഗിയായി ചെയ്യാന്‍ സാധിക്കും.” റസ്ദാന്‍ പറഞ്ഞു.

”ഫിനിഷറുടെ റോളില്‍ സ്ഥിരതയോടെ കളിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ബോളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാവും. ടീമിന്റെ വിജയത്തില്‍ സ്വാധീനിക്കുന്ന പ്രകടനാണ് ക്രീസിലിറങ്ങുമ്പോഴെല്ലാം വേണ്ടത്.” വിവേക് റസ്ദാന്‍ വിശദമാക്കി.

ഈ വര്‍ഷം 13 ടി20 ഇന്നിംഗ്‌സാണ് കാര്‍ത്തികിന്റെ സമ്പാദ്യം. 21.33 ശരാശരിയില്‍ 192 റണ്‍സ് മാത്രമാണ് താരത്തിന് സാധിച്ചത്. ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സ്. ഇത്തരത്തിലൊരു താരം ഏഷ്യാകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടേണ്ടതുണ്ടോയെന്ന ചോദ്യവും ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നുണ്ട്. അതും ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെ പോലെയുള്ള താരങ്ങള്‍ പുറത്തിരിക്കമ്പോള്‍. ഓഗസ്റ്റ് 27ന് ദുബായിലാണ് ഏഷ്യ കപ്പ് തുടങ്ങുന്നത്. പാക്കിസ്ഥാനെതിരെ 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Top