അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹി:അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ബിജെപിയില്‍. ബിജെപി ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവഡേ, തരുണ്‍ ചുഗ് എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു തരണ്‍ജിത് സിംഗ് സന്ധുവിന്റെ ബിജെപി പ്രവേശനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ അമൃത്സറില്‍ നിന്നും ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുല്‍ദീപ് സിംഗിനെതിരെ തരണ്‍ജിത് സിംഗിനെ ബിജെപി മത്സരിപ്പിച്ചേക്കും. ഇന്ത്യ-യുഎസ് ബന്ധത്തിലെ മുന്നേറ്റവും, വികസനവും ചൂണ്ടികാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ക്ക് തരണ്‍ജിത് സിംഗ് സന്ധു നന്ദി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷക്കാലം ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത് പ്രവര്‍ത്തിച്ചു വരികയാണ്. വികസനം പുതിയ കാലത്ത് അനിവാര്യമാണ്. അമൃത്സറിലും വികസനം വരേണ്ടതുണ്ട്. സേവനത്തിന്റെ പുതിയ മേഖലയില്‍ എനിക്ക് വഴികാണിച്ച നേതാക്കള്‍ക്ക് നന്ദി.’ സന്ധു പാര്‍ട്ടി പ്രവേശനത്തിന് ശേഷം പ്രതികരിച്ചു. 2020 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെയാണ് തരണ്‍ജിത് സിംഗ് ഇന്ത്യന്‍ അംബാസഡറായി ചുമതലയിലുണ്ടായിരുന്നത്.

വാഷിംഗ്ടണ്‍ ഡിസിയിലെ നിയമനത്തിന് മുമ്പ്, സന്ധു 2017 ജനുവരി മുതല്‍ 2020 ജനുവരി വരെ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു. 2000 ഡിസംബര്‍ മുതല്‍ 2004 സെപ്തംബര്‍ വരെ രാഷ്ട്രീയവിഭാഗം തലവനായി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലും സന്ധു സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Top