ഐസിസി മുന്‍ അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു

ലാഹോർ: ഐസിസിയുടെ മുൻ എലൈറ്റ് പാനൽ അമ്പയർ ആസാദ് റൗഫ്(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പാകിസ്ഥാനിലെ ലാഹോറിൽ വെച്ചാണ് മരണം.

64 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും 28 ട്വന്റി20കളിലും അദ്ദേഹം അമ്പയറായിരുന്നു. 2000ന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള അമ്പയർമാരിൽ മുൻനിരയിൽ ആസാദ് റൗഫ് ഉണ്ടായിരരുന്നു. 2006ലാണ് ഐസിസിയുടെ എലൈറ്റ് പാനലിൽ ഉൾപ്പെടുന്നത്.

ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെ തുടർന്നാണ് ആസാദ് റൗഫിന്റെ അമ്പയറിങ് കരിയറിന് തിരിച്ചടി നേരിട്ട് തുടങ്ങിയത്. 2013 മെയ് 19ന് നടന്ന കൊൽക്കത്ത-ഹൈദരാബാദ് മത്സരമാണ് റൗഫ് ഐപിഎല്ലിൽ നിയന്ത്രിച്ച അവസാന മത്സരം. റൗഫിന് എതിരെ മുംബൈ പൊലീസ് ആണ് റൗഫിനെതിരെ അന്വേഷണം നടത്തിയത്. ഇതോടെ ആ സീസൺ അവസാനിക്കുന്നതിന് മുൻപ് തന്നെ റൗഫ് ഇന്ത്യ വിട്ടു.

2016ൽ അഴിമതിയുടെ പേരിൽ റൗഫിനെ ബിസിസിഐ 5 വർഷത്തേക്ക് വിലക്കിയിരുന്നു. അമ്പയറിങ് ഉപേക്ഷിച്ചതിന് ശേഷം പാകിസ്ഥാനിൽ വസ്ത്രം വിറ്റ് ജീവിക്കുന്ന ആസാദ് റൗഫിന്റെ ജീവിതവും വാർത്തയായിരുന്നു.

Top