ഹിമാചലിലെ മുന്‍ ബിജെപി അധ്യക്ഷൻ ഖിമി റാം കോൺഗ്രസില്‍ ചേർന്നു

ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മന്ത്രിയും ബിജെപി അധ്യക്ഷനുമായിരുന്ന ഖിമി റാം കോൺഗ്രസില്‍ ചേർന്നു. എഐസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയാണ് ഖിമി റാമിന്റെ പാർട്ടി പ്രവേശനം കോൺഗ്രസ് പ്രഖ്യാപിച്ചത്. രാജ്യത്ത് വികസനം കൊണ്ടുവന്നത് കോൺഗ്രസ് ആണെന്നും, രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്നും ഖിമി റാം പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖിമി റാമിന്‍റെ കോൺഗ്രസ് പ്രവേശനമെന്നതും ശ്രദ്ധേയമാണ്.

കുളുവിലെ ബഞ്ചാർ ജില്ലയിൽ നിന്ന് രണ്ട് തവണ എംഎൽഎയായിരുന്ന ഖിമി റാം ശർമ്മ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപിയുമായി അകൽച്ചയിലായിരുന്നു. ഹിമാചലിലെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ സാന്നിധ്യത്തിലായിരുന്നു ഖിമി രാം ശർമയുടെ പാർട്ടി പ്രവേശന ചടങ്ങ്. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാക്കളായ ഗുർകീരത് സിംഗ്, സുധീർ ശർമ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Top