നവാസിന്റേത് ലൈംഗികാധിക്ഷേപം തന്നെയെന്ന് ഹരിത മുന്‍ ഭാരവാഹികള്‍

കോഴിക്കോട്: രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും ഹരിത മുന്‍ ഭാരവാഹികള്‍. നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു. നവാസിന് എതിരായ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ലീഗ്, ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.

ഹരിതയുടെ പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം വലുതാണ്. പാര്‍ട്ടിക്ക് പരാതി കൊടുത്ത് 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപ്പിച്ചത്. പരാതി മെയിലില്‍ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നല്‍കിയിരുന്നു. നേതാക്കളെ നേരിട്ട് സന്ദര്‍ശിച്ചും പരാതി അറിയിച്ചിരുന്നു. അടിയന്തര വിഷയമായി പരിഗണിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു.

ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് പല തവണ അഭ്യര്‍ത്ഥിച്ചു. ഹരിതയിലെ പെണ്‍കുട്ടികള്‍ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താനാണ് ശ്രമം. പിഎംഎ സലാമിന്റെ പ്രതികരണം വേദനിപ്പിച്ചു. വനിതാ കമ്മീഷന് പരാതി നല്‍കിയത് വലിയ കുറ്റമായി പറഞ്ഞു. ചാനലില്‍ പോയി പ്രശ്‌നം പരിഹരിച്ചോളാന്‍ പറഞ്ഞു. പരാതി ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. പരാതി വ്യക്തികള്‍ക്ക് എതിരെയാണ് പാര്‍ട്ടിക്ക് എതിരെയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Top