ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഫ്.ബി.ഐയുടെ മുന്‍ തലവന്‍ ജയിംസ് കോമേ

വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിനും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐയുടെ മുന്‍ തലവന്‍ ജയിംസ് കോമേ. സര്‍ക്കാര്‍ തന്നെ മോശമായി ചിത്രീകരിക്കുകയും എഫ്ബിഐയെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

മെയ് ഒമ്പതിനാണ് ട്രംപ് സര്‍ക്കാര്‍ എഫ് ബി ഐ മേധാവി സ്ഥാനത്തുനിന്ന് ജയിംസ് കോമേയെ പുറത്താക്കുന്നത്. തന്നെ പുറത്താക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ജയിംസ് കോമേ ആരോപിച്ചു.

നിയമപ്രകാരം, എഫ്ബിഐ മേധാവിയെ പുറത്താക്കുന്നതിന് കാരണം വ്യക്തമാക്കണമെന്നില്ല എന്നിരിക്കെ, എഫ്ബിഐയുടെ പ്രവര്‍ത്തനം താറുമാറാക്കിയെന്നും സേനയുടെ ആത്മവിശ്വാസം ഇല്ലാതായെന്നും ചൂണ്ടിക്കാട്ടി തന്നെ പുറത്താക്കിയത് തന്നെ അപമാനിക്കാനാണെന്ന് കോമേ വ്യക്തമാക്കി. ഇത്തരമൊരു ആരോപണമുയര്‍ത്തി തന്നെ പുറത്താക്കിയതില്‍ താന്‍ അതീവ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ട്രംപുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് കോമേയെ സ്ഥാനത്തുനിന്ന് നീക്കുന്നതിലേയ്‌ക്കെത്തിയത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കേല്‍ ഫ്ളെയിനെതിരായ അന്വേഷണം നിര്‍ത്തിവെക്കാന്‍ തന്നോട് ട്രംപ് തന്നോട് ആവശ്യപ്പെട്ടതായി ജയിംസ് കോമേ വെളിപ്പെടുത്തിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയെന്ന ട്രംപിന്റെ ആരോപണത്തെ തള്ളി ജയിംസ് കോമേ രംഗത്തെത്തിയിരുന്നു.

Top