എഫ് വണ്‍ മുന്‍ ലോക ചാമ്പ്യന്‍ റൈക്കോനെണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ കിമി റൈക്കോനെണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2021-22 സീസണോടെ ട്രാക്കിനോട് വിട പറയുമെന്നാണ് റൈക്കോനെണ്‍ അറിയിച്ചിരിക്കുന്നത്. 20 വര്‍ഷം നീണ്ട കരിയറിനാണ് 41 കാരനായ റൈക്കോനെണ്‍ വിരാമമിടുന്നത്.

ഫോര്‍മുല വണ്ണില്‍ എന്റെ അവസാനത്തെ സീസണായിരിക്കുമിത്. കഴിഞ്ഞ വിന്ററില്‍ ഞാന്‍ ഈ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനം അത്ര എളുപ്പമായിരുന്നില്ല. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ സമയമായി. നിലവിലെ സീസണ്‍ പുരോഗമിക്കുകയാണ്. എന്റെ കുടുംബത്തോടും ടീമിനോടും പ്രത്യേകിച്ച് കരിയറില്‍ എന്നോടൊപ്പമുണ്ടായിരുന്ന ആരാധകരോടും നന്ദി പറയുന്നു’ റൈക്കോനെണ്‍ പറഞ്ഞു.

2001ല്‍ ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ് പിക്സില്‍ അരങ്ങേറ്റം കുറിച്ച താരം 2007ലാണ് ലോകചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. ഫെറാറിയ്ക്ക് വേണ്ടിയായിരുന്ന താരത്തിന്റെ കിരീട നേട്ടം. അതേസമയം ഏറ്റവുമധികം ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ പങ്കെടുത്ത താരമെന്ന റെക്കോഡിനുടമയാണ് റൈക്കോനെണ്‍.

344 മത്സരങ്ങളില്‍ പങ്കെടുത്ത താരം 21 ഗ്രാന്‍ഡ് പ്രിക്സുകളില്‍ വിജയിച്ചിട്ടുണ്ട്. നിലവില്‍ ആല്‍ഫ റോമിയോ ടീമിന് വേണ്ടി മത്സരിക്കുന്ന താരത്തിന് സീസണില്‍ രണ്ട് പോയന്റുകള്‍ മാത്രമാണ് നേടാനായത്.

 

Top