ഈസ്റ്റ് ബംഗാള്‍ ഡച്ച് പരിശീലകന്‍ ഈല്‍കോ ഷറ്റോറി ഇനി നോര്‍ത്ത് ഈസ്റ്റിന്റെ പരീശീലകന്‍

കൊല്‍ക്കത്ത: മുന്‍ ഈസ്റ്റ് ബംഗാള്‍ ഡച്ച് പരിശീലകന്‍ ഈല്‍കോ ഷറ്റോറി ഇനി നോര്‍ത്ത് ഈസ്റ്റിന്റെ പരിശീലകനാകും. പുതിയ പരിശീലകനെ ടീമിലെത്തിച്ച വിവരം ക്ലബ് ട്വിറ്ററിലൂടെ ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് സീസണുകളില്‍ രണ്ടെണ്ണത്തിലും ,ഏറ്റവും ഒടുവില്‍ ഫിനിഷ് ചെയ്ത നോര്‍ത്ത് ഈസ്റ്റിന് പുതിയ പ്രതീക്ഷകളുമായാണ് ഈല്‍കോ ഷറ്റോറി പരീശീലകനായി എത്തുന്നത്.

കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ പോര്‍ച്ചുഗീസ് പരിശീലകനായ കാര്‍ലോസ് പെരെസ് ടീമിനെ നയിച്ചെങ്കിലും തുടരെയുള്ള തോല്‍വികള്‍ കാരണം പെരെസിനെ മാനേജ്‌മെന്റ് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് മുന്‍ ചെല്‍സി പരിശീലകന്‍ അവറാം ഗ്രാന്റ് എത്തിയെങ്കിലും സ്ഥിതിക്ക് മാറ്റമുണ്ടായില്ല.

ചെറുപ്പത്തിലേ ഫുട്‌ബോള്‍ മാനേജിങ് കോഴ്‌സില്‍ ചേര്‍ന്ന ഷറ്റോറി ഇരുപത്തിനാലാം വയസ്സില്‍ തന്നെ പരിശീലക വേഷമണിഞ്ഞു. തുടക്കത്തില്‍ വിവിധ ഡച്ച് ക്ലബ്ബുകള്‍ പരിശീലിപ്പിച്ച ഷറ്റോറി 2007 മുതല്‍ ഒമാന്‍ ക്ലബ്ബുകളുടെ പരിശീലകനായി. തുടര്‍ന്ന് 2012 ല്‍ കൊല്‍ക്കത്തയിലെ പ്രാദേശിക ക്ലബ്ബായ യുണൈറ്റഡ് സ്‌പോര്‍ട്‌സിനെ പരിശീലിപ്പിച്ചതിനു ശേഷം 2015 ല്‍ ഈസ്റ്റ് ബംഗാള്‍ പരിശീലകനായി. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഫാഖിനെ പരിശീലിപ്പിച്ചതിനു ശേഷമാണ് രണ്ടാം തവണയും ഷറ്റോറി ഇന്ത്യയിലേക്ക് എത്തുന്നത്.

Top