Former DGP P.K. Hormis Tharakan revives paddy farming in his village

ആലപ്പുഴ: കൃഷി ചെയ്യുന്ന പാടങ്ങള്‍ പോലും നികത്തി കൂറ്റന്‍ സൗധങ്ങള്‍ കെട്ടിപ്പൊക്കുന്ന അഭിനവ കാലത്ത് തരിശായി കിടന്ന 12.50 ഏക്കര്‍ സ്ഥലത്ത് വിത്തിറക്കി മാതൃകയായി മുന്‍ ഡിജിപി.

ഇന്ത്യന്‍ രഹസ്യാന്വേണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) മുന്‍ മേധാവിയും സംസ്ഥാന പൊലീസ് ചീഫുമായിരുന്ന ഹോര്‍മിസ് തരകനാണ് പുതിയ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

വീടിനടുത്തുള്ള 20 വര്‍ഷത്തോളം തരിശായി കിടന്ന ഭൂമിയിലാണ് ഹോര്‍മിസ് തരകന്റെ നേതൃത്വത്തില്‍ വിത്ത് വിതച്ച് കൃഷിയിറക്കിയത്.

അഡാക് (ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ ഇന്‍ കേരള ) സഹായത്തോടെയാണിത്.

‘ഒരു നെല്ലും ഒരു മീനും’ രീതിയിലാണ് കൃഷി.

ഉപ്പുവെള്ളം നിറഞ്ഞ സ്ഥലത്ത് പൊക്കാളി കൃഷിക്കാവശ്യമായ മേന്മയുള്ള വിത്തിനങ്ങള്‍ നല്‍കിയത് ശാന്തിഗിരി ആശ്രമമാണ്.

കൃഷിയുമായി അഭേദ്യബന്ധമുള്ള കുടുംബമാണ് ഹോര്‍മിസ് തരകന്റേതെങ്കിലും പഴയ കര്‍ഷകരുടെ അറിവും ഐസി ചാക്കോയെപ്പോലുള്ള പ്രമുഖര്‍ എഴുതിയ ലേഖനങ്ങള്‍ പകര്‍ന്ന് നല്‍കിയ അറിവുമെല്ലാം കൂട്ടിയോജിപ്പിച്ചാണ് പുതിയ പരീക്ഷണം.

കൃഷി വിജയിച്ചാല്‍ തന്റെ ഗ്രാമത്തിന് തന്നെ നേട്ടമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം.

പരിസ്ഥിതി സംരക്ഷണത്തിനായി കണ്ടലുകള്‍ നടുക, പ്രതിസന്ധിയിലും തളരാതെ പിടിച്ച് നില്‍ക്കുന്ന വയോധികരായ കര്‍ഷകരെ ആദരിക്കുക, ചെറുപ്പക്കാരെ കൃഷിയിലേക്ക് കൊണ്ടുവരിക തുടങ്ങിയവയും അദ്ദേഹത്തിന്റെ പുതിയ ദൗത്യമാണ്.

തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികളും മുന്‍പൊലീസ് മേധാവിയുടെ പുതിയ സംരഭത്തിന് പിന്‍തുണയുമായി ഒപ്പമുണ്ട്.

സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍മെന്റ് ചെയ്ത് ആലപ്പുഴയിലെ ഉളവയ്പിലെ ജന്മ ഗ്രാമത്തില്‍ വായനയും എഴുത്തുമായി കഴിഞ്ഞ് കൂടാനായിരുന്നു ഹോര്‍മിസ് തരകന്റെ നേരത്തെയുണ്ടായിരുന്ന പ്ലാന്‍. ഇതിനായി കായലോരത്ത് മനോഹരമായ ഭവനവും നിര്‍മ്മിച്ചിരുന്നു.

എന്നാല്‍ ഈ ജീവിത ‘പ്ലാനില്‍’ ചെറിയ ഒരു മാറ്റം വരുത്തി കൃഷിക്ക് മുന്‍ഗണന കൊടുക്കുന്ന രീതിയിലേക്കാണ് അദ്ദേഹം ഇപ്പോള്‍ മാറിയിരിക്കുന്നത്.

പരിസ്ഥിതി നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഓരോ പൗരനും ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ എന്താണെന്ന് കൂടി സ്വന്തം റിട്ടയര്‍മെന്റ് ജീവിതത്തിലൂടെ കാണിച്ച് തരികയാണ് ഈ കര്‍ഷക മനസ്സ്.

Top