ദേശീയ താല്‍പര്യമുള്ള വിഷയമാണ്, ഇതില്‍ രാഷ്ട്രീയം കൊണ്ടുവരരുതെന്ന് മുന്‍ പ്രതിരോധ മന്ത്രി

മുംബൈ: ദേശസുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യന്‍ പ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്കു കീഴടക്കി എന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചതിനോടു മറുപടി പറയുകയായിരുന്നു പവാര്‍.

ജൂണ്‍ 15ലെ സംഘര്‍ഷത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ കോണ്‍ഗ്രസ് നിരന്തരം വിമര്‍ശനങ്ങളും ആക്രമണങ്ങളും നടത്തിവരികെയാണു പവാറിന്റെ അഭിപ്രായം.

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ലഡാക്കില്‍ ചൈന നുഴഞ്ഞുകയറിയോ എന്നു മോദി വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഗല്‍വാന്‍ വാലിയിലെ ഏറ്റുമുട്ടലിനു കേന്ദ്രത്തെ കുറ്റപ്പെടുത്താനാവില്ലെന്ന് എന്‍സിപി മേധാവി വ്യക്തമാക്കി.

‘1962ല്‍ ചൈന 45,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യയുടെ പ്രദേശം കൈവശപ്പെടുത്തിയപ്പോള്‍ സംഭവിച്ചതെന്താണെന്നു മറക്കാന്‍ കഴിയില്ല. ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് കൂടി നോക്കണമെന്നും പവാര്‍ പറഞ്ഞു. ദേശീയ താല്‍പര്യമുള്ള വിഷയമാണ്, ഇതില്‍ രാഷ്ട്രീയം കൊണ്ടുവരരുത്’ മുന്‍ പ്രതിരോധ മന്ത്രി കൂടിയായ ശരദ് പവാര്‍ പറഞ്ഞു.

Top