പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജലപദ്ധതികളിൽ വൻ അഴിമതി നടന്നെന്ന് ആരോപണവുമായി മുൻ ഡി.സി.സി മെമ്പറും മീനടം ഗ്രാമപഞ്ചായത്ത് അംഗവും കൂടിയായ പ്രസാദ് നാരായണൻ രാഗത്ത്. എക്സ്പ്രസ്സ് കേരളയ്ക്കു നൽകിയ പ്രതികരണത്തിലാണ് ഇത്തരമൊരു ആരോപണം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ജയസാധ്യത ഒട്ടും ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. മുൻ കാലങ്ങളിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച നിരവധി ആളുകളെ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുന്ന സ്ഥിതി മണ്ഡലത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഒഴിവാക്കലുകളിൽ വ്യക്തമായ വിശദീകരണം നൽകാൻ പാർട്ടി നേതൃത്വത്തിനും ഉമ്മൻ ചാണ്ടിക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 25 വർഷം പഞ്ചായത്ത് അംഗമായിരുന്ന തന്നെ ഒരു സുപ്രഭാതത്തിൽ കാരണമൊന്നും ഇല്ലാതെ പുറത്താകുന്ന സാഹചര്യം ഉണ്ടായെന്നും പ്രസാദ് നാരായണൻ പറഞ്ഞു. പിന്നീട് സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. നാടിന്റെ വികസനം പുതുപ്പള്ളിയിലെ കോൺഗ്രസ് അജണ്ടയിൽ ഇല്ല. ഏകാധിപത്യ ഭരണ സംവിധാനമാണ് പുതുപ്പള്ളിയിൽ നില നിൽക്കുന്നതെന്നും പ്രസാദ് കുറ്റപ്പെടുത്തി. ഈ അവസ്ഥയിൽ നിന്നും ഒരു മാറ്റം ജനം ആഗ്രഹിക്കുന്നുണ്ടെന്നും അവർ ഈ തെരെഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിൽ കടുത്ത വികസന മുരടിപ്പാണ് നില നിൽക്കുന്നത്. ഈ അവസ്ഥയിൽ നിന്നും നാടിന് മാറ്റം ഉണ്ടാകണമെങ്കിൽ ജന സമൂഹത്തിൽ നിൽക്കുന്ന ഒരു ജനപ്രതിനിധി വരണം. അടുത്ത തലമുറ ആ മാറ്റം ആഗ്രഹിക്കുന്നുണ്ട്. പുതുപ്പള്ളിയിലെ ജനങ്ങൾ ആ അനിവാര്യത മനസ്സിലാക്കി ഇത്തവണ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യുമെന്നും പ്രസാദ് നാരായണൻ പറഞ്ഞു. ( അഭിമുഖത്തിന്റെ പൂർണ്ണരൂപം വീഡിയോയിൽ കാണുക )