former congress leader sm krishna will join bjp tomorrow says bs yeddyurappa

മൈസൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എസ്.എം കൃഷ്ണ നാളെ ബി.ജെ.പിയില്‍ ചേരുമെന്ന് കര്‍ണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ.

നഞ്ചന്‍ഗോഡ്, ഗുണ്ടല്‍പേട്ട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റാലിയില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പ്രസിഡന്റ് അമിത് ഷായുടെ സാന്നിധ്യത്തില്‍ കൃഷ്ണ ബി.ജെ.പിയിലേക്ക് വരുമെന്നും യെദിയൂരപ്പ പറഞ്ഞു.

എന്നാല്‍, കൃഷ്ണ ഈ വാര്‍ത്ത ശരിവെക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. 84കാരനായ കൃഷ്ണ ജനുവരി 29നാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്. ജനകീയ നേതാക്കളെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് ആരോപിച്ചാണ് രാജി നല്‍കിയത്.

1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു കൃഷ്ണ. 2012ല്‍ കേന്ദ്ര വിദേശകാര്യമന്ത്രിയായ ശേഷം സംസ്ഥാ രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. മഹാരാഷ്ട്രയുടെ ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

നഞ്ചന്‍ഗോഡില്‍ വി. ശ്രീനിവാസ പ്രസാദ് രാജിവെച്ച ഒഴിവിലേക്ക് ഏപ്രില്‍ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുണ്ടല്‍പേട്ടില്‍ എം.എല്‍.എ എച്ച്.സി മഹാദേവ പ്രസാദ് മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ അവസരത്തിലാണ് കൃഷ്ണ ബി.ജെ.പിയിലേക്ക് വരുന്നത്.

മഹാരാഷ്ട്ര ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി എന്നീനിലകളില്‍ പ്രവര്‍ത്തിച്ച കൃഷ്ണ 46 വര്‍ഷം കോണ്‍ഗ്രസിനൊടൊപ്പമായിരുന്നു.

Top