ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ സോണിയ; ചോദ്യം ചെയ്ത് പ്രശാന്ത് കിഷോര്‍

ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് നിശബ്ദത പാലിക്കുന്ന കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാട് ചോദ്യം ചെയ്ത് രാഷ്ട്രീയ തന്ത്രജ്ഞനും, ജെഡിയു വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസ് അധ്യക്ഷ എന്‍ആര്‍സി വിഷയത്തില്‍ ഒരു പ്രസ്താവനയെങ്കിലും ഇറക്കി വസ്തുത വ്യക്തമാക്കാന്‍ തയ്യാറാകണമെന്നാണ് കിഷോറിന്റെ ആവശ്യം.

‘കോണ്‍ഗ്രസ് പ്രസിഡന്റ് ഒരു പ്രഖ്യാപനമെങ്കിലും നടത്തി വ്യക്തത വരുത്തണം. ധര്‍ണ്ണകളിലും, പ്രകടനങ്ങളിലും പങ്കെടുക്കുന്നത് സത്യമാണ്. പക്ഷെ കോണ്‍ഗ്രസ് പ്രസിഡന്റ് ഈ വിഷയത്തില്‍ ഒരു വാക്ക് പോലും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല’, എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും തങ്ങള്‍ എന്‍ആര്‍സി നടത്തില്ലെന്ന് പ്രഖ്യാപിക്കണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനം കൈക്കൊള്ളണം. കോണ്‍ഗ്രസില്‍ നിന്നും ഉള്‍പ്പെടെ 10 മുഖ്യമന്ത്രിമാര്‍ എന്‍ആര്‍സി നടത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിതീഷ് കുമാര്‍, നവീന്‍ ബാബു, മമതാ ദീദി, ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരെല്ലാം അവരുടെ പാര്‍ട്ടി മേധാവികളുമാണ്. എന്നാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അവസ്ഥ അതല്ല. അന്തിമതീരുമാനം വര്‍ക്കിംഗ് കമ്മിറ്റിയാണ് കൈക്കൊള്ളേണ്ടത്, കിഷോര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം 2003ലാണ് സൃഷ്ടിച്ചത്. 2004 മുതല്‍ 2014 വരെ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇതിലെ ഭരണഘടനാ വിരുദ്ധത നീക്കാന്‍ തയ്യാറാകാതിരുന്നത് എന്ത് കൊണ്ടാണ്?, കിഷോര്‍ ചോദിക്കുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം അസമില്‍ നടത്തിയ ദേശീയ പൗരത്വ രജിസ്റ്ററില്‍ 19 ലക്ഷം പേരാണ് പട്ടികയ്ക്ക് പുറത്തായത്.

Top