Former CM and Former opposite leader; No positions, but favorite leaders

തിരുവനന്തപുരം: പദവികളില്ലാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരളത്തില്‍ ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ച മുന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും.

യു.ഡി.എഫിന്റെ പ്രചരണ നേതൃത്വത്തിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്നാണ് പ്രതിപക്ഷ നേതൃസ്ഥാനം വേണ്ടെന്നു വെച്ചത്. യു.ഡി.എഫും കോണ്‍ഗ്രസും നിര്‍ബന്ധിച്ചിട്ടും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുത്തില്ല. ഉമ്മന്‍ചാണ്ടി ഒഴിഞ്ഞ പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല എത്തുകയും ചെയ്തു.

കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഓടിനടന്ന് പ്രചരണം നടത്തിയ വി.എസ് അച്യുതാനന്ദന്‍ മലമ്പുഴ മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചത് പി.ബി അംഗം പിണറായി വിജയനെയായിരുന്നു.

പിണറായി മുഖ്യമന്ത്രിയാകുമ്പോള്‍ വി.എസിന് കാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്യപ്പെട്ടതായിരുന്നു. സത്യപ്രതിജ്ഞാ ദിവസം പദവി സംബന്ധിച്ച് വി.എസ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കുറിപ്പ് കൈമാറിയത് വിവാദമായിരുന്നു. ഇതോടെ വി.എസിന്റെ പദവി നീണ്ടുപോയി.

വി.എസിന് സംസ്ഥാന ഭരണത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയാത്ത തരത്തിലുള്ള പദവി നല്‍കിയാല്‍ മതിയെന്ന നിലപാടാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിനുള്ളത്. വി.എസിന് മാന്യമായ പദവി നല്‍കണമെന്നതാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും കേന്ദ്ര നേതൃത്വത്തിന്റെയും നിലപാട്.

പദവി സംബന്ധിച്ച് മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്. വി.എസിന്റെ പദവി സംബന്ധിച്ച് ഉടനെ തീരുമാനമുണ്ടാകും.

Top