രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ പ്രതിപക്ഷം, സ്വരാജിന്റെ മുന്‍ പോസ്റ്റും വൈറല്‍ !

ര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ?

134 വര്‍ഷം നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവില്‍ അയോദ്ധ്യ കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍, ഒരു സി.പി.എം എം.എല്‍.എ നടത്തിയ പ്രതികരണമാണിത്.

സ്വരാജ് അന്നിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇപ്പോഴാണ് ശരിക്കും വൈറലായിരിക്കുന്നത്.

അയോദ്ധ്യ കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി ബഞ്ചിന്റെ തലവനായ രഞ്ജന്‍ ഗോഗോയ് രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ഈ ഘട്ടത്തില്‍ ഈ പോസ്റ്റിനും ഏറെ പ്രസക്തിയുണ്ട്.

സുപ്രിംകോടതി വിധിക്കെതിരെ പരമോന്നത കോടതിയിലെ മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് എ.കെ ഗാംഗുലിയും മുന്‍പ് പരസ്യമായി രംഗത്ത് വന്നിരുന്നു. വിധി കേട്ട് അങ്ങേയറ്റം ഞെട്ടിയെന്നും യുക്തിക്ക് നിരക്കാത്ത വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നുമാണ് അദ്ദേഹവും തുറന്നടിച്ചിരുന്നത്.

18 വര്‍ഷത്തെ തന്റെ ന്യായാധിപ ജീവിതത്തില്‍ ഒരു ജഡ്ജ്മെന്റിന് അനുബന്ധമുള്ളതായി ഇതുവരെ കണ്ടിട്ടില്ല. വിധിപ്പകര്‍പ്പ് വായിച്ച ശേഷം വിധിയുടെ തീര്‍പ്പിലേക്ക് എത്തിയതിന്റെ യുക്തികളും മനസ്സിലായില്ല. മാത്രമല്ല, അത് നിഷേധാത്മകവുമായിരുന്നു- ഇതായിരുന്നു ജസ്റ്റീസ് ഗാംഗുലിയുടെ പ്രതികരണം.

അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു കക്ഷികള്‍ക്ക് രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു കൊടുക്കണമെന്നതായിരുന്നു സുപ്രിംകോടതിയുടെ വിധി. മുസ്ലിംകള്‍ക്ക് പള്ളി പണിയാന്‍ അയോദ്ധ്യയില്‍ അഞ്ചേക്കര്‍ നല്‍കണമെന്നും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. പള്ളിയില്‍ വിഗ്രഹം കൊണ്ടുവച്ചതും പള്ളി പൊളിച്ചതും തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടിയ ശേഷമാണ്, സ്ഥലം ഹിന്ദു കക്ഷികള്‍ക്ക് വിട്ടു കൊടുക്കാന്‍ കോടതി തീരുമാനിച്ചിരുന്നത്. ഇതിലെ പൊരുത്തക്കേടുകള്‍ നിരവധി പേരാണ് അന്ന് തന്നെ ചൂണ്ടിക്കാണിച്ചിരുന്നത്.

മസ്ജിദ് നിന്ന സ്ഥലത്ത് ഒരു നിര്‍മിതിയുണ്ടായിരുന്നു, അത് മുസ്ലിം സംസ്‌കാരവുമായി ബന്ധമുള്ളതല്ല, എന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലും കോടതി വിധിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് തകര്‍ത്താണ് പള്ളി പണിതത് എന്ന് കോടതി പറഞ്ഞിരുന്നില്ല.

വിധി പ്രസ്താവം നടത്തിയ ജഡ്ജിമാരെയല്ല, വിധിയെ ആണ് വിമര്‍ശിക്കുന്നത് എന്നാണ് ജസ്റ്റിസ് ഗാംഗുലി വ്യക്തമാക്കിയിരുന്നത്. വകുപ്പ് 26ല്‍ മതസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത് കോടതി പരാമര്‍ശിച്ചതു പോലുമില്ലെന്നും ഗാംഗുലി കുറ്റപ്പെടുത്തിയിരുന്നു. ‘എല്ലാ ആദരവുകളോടെയും പറയട്ടെ, എനിക്ക് ഒത്തുതീര്‍പ്പിലെത്താന്‍ കഴിയുകയില്ല’- ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

‘1934ല്‍ അവിടെ സാമുദായിക സംഘര്‍ഷമുണ്ടായിരുന്നു. അതില്‍ പള്ളിക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തു. ബ്രിട്ടീഷുകാരാണ് അത് നന്നാക്കിയിരുന്നത്. തുടര്‍ന്ന് ഹിന്ദുക്കള്‍ക്ക് പിഴയിടുകയും ചെയ്ത കാര്യവും ജസ്റ്റീസ് ഗാംഗുലി ചൂണ്ടിക്കാട്ടുകയുണ്ടായി. മതേതരത്വം അടിസ്ഥാന വിശേഷണമായി സ്ഥാപിക്കപ്പെട്ട ഭരണഘടനയ്ക്ക് കീഴിലുള്ള സര്‍ക്കാറുകളേക്കാള്‍ നമ്മുടെ കൊളോണിയന്‍ യജമാനന്മാരാണ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചതെന്നായിരുന്നു ഈ മുന്‍ ജസ്റ്റീസിന്റെ വാദം. സ്വരാജിന്റേയും ജസ്റ്റീസ് ഗാംഗുലിയുടേയും ഇത്തരത്തിലുള്ള മുന്‍ പ്രതികരണങ്ങളാണിപ്പോള്‍, കൊറോണ കാലത്തും സോഷ്യല്‍ മീഡിയകളെ ‘തീ’പിടിപ്പിച്ചിരിക്കുന്നത്. നിരവധി പ്രമുഖരാണ് ജസ്റ്റീസ് ഗൊഗോയുടെ രാജ്യസഭാഗത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ‘ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണോ’ എന്ന ചോദ്യവും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.

ഗൊഗോയ് യെ പോലുള്ള നാണം കെട്ട മറ്റൊരു ജഡ്ജിയെയും ജുഡീഷ്യറിയില്‍ കണ്ടിട്ടില്ലന്നാണ് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജുവും തുറന്നടിച്ചിരിക്കുന്നത്.

ജസ്റ്റിസ് മദന്‍ ബി ലോകൂറും, കുര്യന്‍ ജോസഫും ഗൊഗോയ് യുടെ രാജ്യസഭാംഗത്വത്തെ വിമര്‍ശിച്ച് പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

ഈ വിമര്‍ശനങ്ങളെയെല്ലാം അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാറിന്റെ ‘ഉപഹാര’മിപ്പോള്‍ ഗൊഗോയ് സ്വീകരിച്ചിരിക്കുന്നത്.

ഇതിന് എന്ത് തന്നെ ന്യായീകരണം ഗൊഗോയ് നടത്തിയാലും അത് പുതിയ സാഹചര്യത്തില്‍ ഒരിക്കലും ന്യായീകരിക്കപ്പെടുകയില്ല.

നീതി നടപ്പാക്കാന്‍ അഹോരാത്രം പ്രയത്‌നിക്കുന്ന ജുഡീഷ്യറിക്ക് പോലും അപമാനകരമായ നീക്കമാണിത്. അതു കൊണ്ട് തന്നെയാണ് മുന്‍ സുപ്രീം കോടതി ജഡ്ജിമാരും പൊട്ടിത്തെറിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ താല്‍പ്പര്യപ്രകാരം രാഷ്ട്രപതിയാണ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമാക്കി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. 2018 ഒക്ടോബര്‍ മൂന്നിന് ചീഫ് ജസ്റ്റിസായ ഗൊഗോയ്, വിരമിച്ചത് 2019 നവംബര്‍ 17നാണ്.

വിരമിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പുറപ്പെടുവിച്ച അയോദ്ധ്യ, ശബരിമല, കേസുകള്‍ ഉള്‍പ്പെടെയുള്ള വിധികളെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇതില്‍ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം തള്ളുന്ന വിധിയും ഉള്‍പ്പെടുന്നുണ്ട്.

ഗൊഗോയ് യുടെ സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത് തന്നെ അദ്ദേഹം തിരഞ്ഞെടുത്ത വഴികളിലെ പിഴവുകളാണ്.

ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് നോമിനേറ്റഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ സാമൂഹ്യ പ്രവര്‍ത്തക മധു കിഷ് വാറും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭാംഗത്വം നല്‍കിയതിനെ, ‘രാഷ്ട്രീയനിറമുള്ള നിയമനം’ എന്നാണ് ഹര്‍ജിയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിയമനം ലഭിക്കുക വഴി, അദ്ദേഹത്തിന്റെ കാലത്ത് പുറപ്പെടുവിച്ച എല്ലാ വിധിപ്രസ്താവങ്ങളും സംശയത്തിന്റെ നിഴലിലാവുകയാണെന്നും ഹര്‍ജിയില്‍ മധു കിഷ്‌വാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അയോധ്യ വിധിപ്രസ്താവത്തെക്കുറിച്ച് പേരെടുത്ത് പറയുന്നില്ലെന്നും, ഗോഗോയിയുടെ കാലത്തെ ‘ചരിത്രപരമായ’ പല വിധിപ്രസ്താവങ്ങളും, വ്യക്തിപരമായി എല്ലാ വിയോജിപ്പുകളും മാറ്റി വച്ച് എല്ലാ ജനവിഭാഗങ്ങളും ഒരേപോലെ ഏറ്റെടുത്തതാണെന്നും, സുപ്രീംകോടതിയോടുള്ള എല്ലാ ബഹുമാനവും പ്രകടിപ്പിച്ചതാണെന്നും ഹര്‍ജിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇത്തരം രാഷ്ട്രീയ നിയമനത്തിന്റെ പേരില്‍ ആ വിധിപ്രസ്താവങ്ങളെല്ലാം ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണെന്നും മധു കിഷ്‌വാര്‍ ആരോപിച്ചു.

”രാജ്യസഭയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നാമനിര്‍ദേശത്തിലൂടെ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംബന്ധിച്ചും, സത്യസന്ധത സംബന്ധിച്ചുമുള്ള ഒരു ലക്ഷ്മണരേഖ കൂടിയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇനി ഇതിന്റെ പേരില്‍ ഇന്ത്യാ വിരുദ്ധശക്തികള്‍ക്കും, ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കും മുതലെടുക്കാം. രാജ്യത്തെ ചാനലുകളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഈ വാര്‍ത്ത കൈകാര്യം ചെയ്യപ്പെടുന്നതില്‍ നിന്നുതന്നെ ഇത് വ്യക്തവുമാണ്”.

”ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തില്‍ ഇത്തരമൊരു നീക്കം വരുന്നത് ജനാധിപത്യത്തിന്റെ തൂണുകള്‍ക്ക് തന്നെ ഭൂഷണമല്ലെന്നും”, ഹര്‍ജിയില്‍ മധു കിഷ്‌വാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ ഹര്‍ജിയില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി എന്തു പറയുമെന്നാണിപ്പോള്‍ രാജ്യവും ഉറ്റുനോക്കുന്നത്.

രാഷ്ട്രപതിക്കുവരെ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്ന പദവിയില്‍ ഇരുന്ന വ്യക്തി, സര്‍ക്കാര്‍ നോമിനേറ്റഡ് പദവിയിലേക്ക് ‘ചുരുങ്ങിയതില്‍’ നിയമജ്ഞരും ആകെ അമ്പരന്നിരിക്കുകയാണ്.

Staff Repoter

Top