മുന്‍മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക ബംഗ്ലാവ്; സുപ്രീംകോടതി വിധിക്കെതിരെ യു.പി മുന്‍മുഖ്യമന്ത്രി

akhilesh

ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക ബംഗ്ലാവ് അനുവദിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ യുപി മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്, പിതാവ് മുലായംസിങ് യാദവ് എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് വീടില്ലെന്നും രണ്ടു വര്‍ഷം കൂടി സര്‍ക്കാര്‍ അനുവദിച്ചു തന്ന ബംഗ്ലാവില്‍ തുടരാന്‍ അനുവദിക്കണമെന്നും ഇരുവരും കോടതിയോട് അപേക്ഷിച്ചു.

ഉത്തര്‍പ്രദേശിലെ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവുകള്‍ അനുവദിക്കേണ്ടതില്ലെന്ന് മെയ് ഏഴിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സന്നദ്ധ സംഘടനയായ ലോക്പ്രഹരി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

ബംഗ്ലാവ് പെട്ടെന്ന് ഒഴിയാന്‍ ബുദ്ധിമുട്ടുള്ളതിന് കാരണമായി പ്രായാധിക്യവും അനാരോഗ്യവുമാണ് മുലായം സിങ് കോടതിയെ ധരിപ്പിച്ചത്. അതേ സമയം സുരക്ഷാപ്രശ്‌നങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവുമാണ് രണ്ടു വര്‍ഷം കൂടി സമയം അനുവദിക്കണമെന്നതിന് കാരണമായി അഖിലേഷ് യാദവ് കോടതിയെ അറിയിച്ചത്. സുപ്രീംകോടതി വിധിയനുസരിച്ച് 15 ദിവസത്തിനകം ബംഗ്ലാവ് ഒഴിയണമെന്ന് കാണിച്ച് മായാവതി, അഖിലേഷ് യാദവ്, മുലായംസിങ് യാദവ് തുടങ്ങി ആറ് മുന്‍മുഖ്യമന്ത്രിമാര്‍ക്ക് യു.പി സര്‍ക്കാര്‍ 10 ദിവസം മുമ്പ് നോട്ടീസ് അയച്ചിരുന്നു.

Top