ഓസീസും അട്ടിമറി തുടരാന്‍ അഫ്ഗാനും ഇന്നിറങ്ങുന്നു

മുംബൈ: ഏകദിന ലോകകപ്പിന്റെ സെമിഫൈനല്‍ ഉറപ്പിക്കാന്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇന്നിറങ്ങുന്നു. ടൂര്‍ണമെന്റില്‍ വമ്പന്മാരെ അട്ടിമറിച്ച് അവിശ്വസനീയ കുതിപ്പ് നടത്തുന്ന അഫ്ഗാനാണ് എതിരാളികള്‍. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.

മിഡില്‍ ഓര്‍ഡറില്‍ ഗ്ലെന്‍ മാക്സ്വലും മാര്‍നസ് ലബുഷെയ്നും അപകടകാരികളാണ്. ബൗളര്‍മാരില്‍ ആദം സാംപ അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനാണ് സാംപ. ഏഴ് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തിയ സാംപയ്ക്ക് മികച്ച പിന്തുണയാണ് മറ്റുപേസര്‍മാര്‍ നല്‍കുന്നത്.ആദ്യത്തെ രണ്ട് മത്സരങ്ങളിലെ പരാജയത്തില്‍ നിന്ന് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ഓസീസ് തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളാണ് വിജയിച്ചത്. ടോപ് ഓര്‍ഡറില്‍ ഡേവിഡ് വാര്‍ണര്‍ സ്ഥിരതയുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മിച്ചല്‍ മാര്‍ഷിന്റെയും ട്രാവിസ് ഹെഡിന്റെയും തകര്‍പ്പന്‍ ഫോമും ടോപ്പ് ഓര്‍ഡറിന് കരുത്ത് പകരുന്നുണ്ട്.

ടൂര്‍ണമെന്റിലെ വമ്പന്മാരെ അട്ടിമറിച്ചാണ് അഫ്ഗാന്‍ എത്തുന്നത്. ഇംഗ്ലണ്ട്, പാകിസ്താന്‍, ശ്രീലങ്ക എന്നീ മുന്‍ ചാമ്പ്യന്മാരെ വീഴ്ത്തി സ്വപ്നസമാനമായ യാത്രയാണ് അഫ്ഗാന്റേത്. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷാഹിദിയും റഹ്‌മത്ത് ഷായുമാണ് അഫ്ഗാന്റെ ബാറ്റിങ് കരുത്ത്. റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സ്പിന്നിനെ പിന്തുണക്കുന്ന പിച്ചാണ് വാംഖഡെയിലേത്. അതുകൊണ്ട് തന്നെ റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, മുഹമ്മദ് നബി എന്നിവരടങ്ങുന്ന ശക്തമായ സ്പിന്‍ ത്രയത്തെ അണിനിരത്തി ഓസീസിനെ കറക്കിവീഴ്ത്താനായിരിക്കും അഫ്ഗാന്റെ ശ്രമം.

 

Top