ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ധാക്ക: ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി പനിയുണ്ടായിരുന്ന മൊര്‍താസ വെള്ളിയാഴ്ച്ചയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയനായത്.

നിലവില്‍ മൊര്‍താസ ധാക്കയിലെ വസതിയില്‍ ഐസലേഷനിലാണ്,നേരത്തെ മൊര്‍താസയുടെ ചില ബന്ധുക്കള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം കൂടിയായ താരം കോവിഡ്-19നുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു. തന്റെ ജന്മനാടായ ലൊഹാഗ്രയിലെ നരാലിയിലുള്ള കോവിഡ് ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങള്‍ക്ക് മൊര്‍താസ ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വിതരണം ചെയ്തിരുന്നു.

ബംഗ്ലാദേശിലെ ഏറ്റവും ജനപ്രിയനായ ക്രിക്കറ്റ് താരം കൂടിയാണ് മൊര്‍താസ. രാജ്യത്തിനായി 36 ടെസ്റ്റുകളും 220 ഏകദിനങ്ങളും 54 ട്വന്റി-20 കളിച്ചിട്ടുണ്ട്. അടുത്തിടെയാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

Top