‘മുസ്ലീങ്ങള്‍ക്ക്’ എന്തും നശിപ്പിക്കാം; മാപ്പ് പറയാതെ മുന്‍ അലിഗഢ് വിദ്യാര്‍ത്ഥി നേതാവ്

മുസ്ലീങ്ങള്‍ ആഗ്രഹിച്ചാല്‍ എന്തും നശിപ്പിക്കാമെന്ന് പ്രസ്താവിച്ച് വിവാദങ്ങളില്‍ ചാടിയ അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഫൈസുള്‍ ഹസന്‍ തന്റെ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ വിസമ്മതിച്ചു. 1947 മുതല്‍ സമുദായത്തെ തുടര്‍ച്ചയായി പരീക്ഷിച്ച് വരികയാണെന്നാണ് ഫൈസുള്‍ ഹസന്‍ പ്രസ്താവിച്ചത്.

സിആര്‍പിസി സെക്ഷന്‍ 153 എ പ്രകാരം ഫൈസുലിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ എന്തും നശിപ്പിക്കാന്‍ സാധിക്കുന്ന സമുദായത്തില്‍ നിന്നാണ് തന്റെ വരവെന്നാണ് ഫൈസുള്‍ പ്രസ്താവിച്ചത്. ‘ക്ഷമയുടെ പരിധി നിങ്ങള്‍ക്ക് കാണണമെങ്കില്‍ 1947 മുതല്‍ 2020 വരെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ക്ഷമയുടെ ഈ പരിധിയില്‍ നിന്നത് കാണാം. ഞങ്ങള്‍ ഒരിക്കലും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ചില്ല, മറിച്ചായാല്‍ എല്ലാം നശിപ്പിക്കാന്‍ കഴിയുന്ന സമുദായത്തില്‍ നിന്നാണ് ഞങ്ങള്‍, ഒന്നും ബാക്കിവെയ്ക്കാതിരിക്കാനുള്ള രോഷമുണ്ട്’, പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളില്‍ സംസാരിക്കവെ ഫൈസുല്‍ ഹസന്‍ പറഞ്ഞു.

പ്രസ്താവന വിവാദമായെങ്കിലും ഇതിന് മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് ഫൈസുല്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികാസം എന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ മുസ്ലീങ്ങളെ ഒപ്പം കൂട്ടുന്നില്ലെന്നത് വാഗ്ദാന ലംഘനമാണെന്നും ആരോപിച്ചു.

‘അമിത് ഷാ ഞങ്ങളുടെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയോട് സംവാദത്തിന് വന്നാല്‍ പോലും വിജയിക്കില്ല. അഞ്ച് പോയിന്റെങ്കിലും നേടിയാല്‍ ഷായ്‌ക്കൊപ്പം നിന്ന് സിഎഎയെ പിന്തുണയ്ക്കാം’, ഫൈസുല്‍ വ്യക്തമാക്കി. ഒരു സര്‍ക്കാരിനോടും വിദ്വേഷം സൂക്ഷിക്കുന്നില്ല, എന്നാല്‍ മതത്തിന്റെ പേരില്‍ വിഭാഗീയ രാഷ്ട്രീയം ഉണ്ടാകരുതെന്ന് ഫൈസുല്‍ കൂട്ടിച്ചേര്‍ത്തു.

Top