കോവിഡിനെ കൈകാര്യം ചെയ്യുന്ന ട്രംപിന്റെ രീതി കുഴപ്പം നിറഞ്ഞത്‌: ഒബാമ

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ലോകമൊട്ടാകെ ഭീതി വിതച്ച് പടര്‍ന്ന് പിടിക്കുന്ന കോവിഡിനെ ട്രംപ് കൈകാര്യം ചെയ്യുന്ന രീതി കുഴപ്പംനിറഞ്ഞതെന്ന് ഒബാമ പറഞ്ഞു.

ഒബാമയുടെ ഭരണകാലത്തെ ഭരണ നിര്‍വഹണ ഉദ്യോഗസ്ഥരുമായി നടത്തിയ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഈ വിമര്‍ശനം ഉന്നയിച്ചത്.

75,000 അമേരിക്കക്കാരുടെ മരണത്തിന് ഇടയാക്കിയ മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട് ഒബാമയെയും ഡമോക്രാറ്റിക് ഭരണത്തെയും ട്രംപ് നിരവധി തവണ കുറ്റപ്പെടുത്തിയിരുന്നുവെങ്കിലും ഒബാമ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഒബാമ അലുമ്‌നി അസോസിയേഷനിലെ 3000 അംഗങ്ങളുമായി വെള്ളിയാഴ്ച നടത്തിയ കോണ്‍ഫറന്‍സില്‍ നവംബര്‍ 3 ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ശ്രമിക്കുന്ന ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡനെ പിന്തുണയ്ക്കണമെന്ന് ഒബാമ അഭ്യര്‍ത്ഥിച്ചു.

‘തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. കാരണം നാം പോരാടുന്നത് കേവലം ഒരു വ്യക്തിയോടോ, രാഷ്ട്രീയ പാര്‍ട്ടിയോടോ മാത്രമല്ല. സ്വാര്‍ത്ഥരായിരിക്കുക, ഭിന്നിക്കുക, മറ്റുള്ളവരെ ശത്രുക്കളായി കാണുക തുടങ്ങി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രവണതകളോടുകൂടിയാണ്. ഇത് അമേരിക്കന്‍ ജീവിതത്തിലെ ശക്തമായ പ്രേരണയായി മാറിയിരിക്കുകയാണ്.’ ഒബാമ പറഞ്ഞു. ജോ ബിഡനുവേണ്ടി പ്രചാരണം നടത്തുന്നതിനായി താന്‍ മുന്നിട്ടിറങ്ങുന്നതിനെ കുറിച്ചും വെളളിയാഴ്ചയിലെ കോണ്‍ഫറന്‍സില്‍ ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ ഒബാമയുടെ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല.

എന്നാല്‍ കോവിഡ് പ്രതിരോധ നടപടികളില്‍ ട്രംപിന്റെ നേതൃത്വത്തെ പ്രശംസിക്കുകയാണ് വൈറ്റ് ഹൗസ് വക്താവ് കെയ്‌ലി മക്ഇനാനി ചെയ്തത്. നിരവധി അമേരിക്കക്കാരുടെ ജീവനാണ് ട്രംപ് രക്ഷിച്ചതെന്ന് കെയ്‌ലി അഭിപ്രായപ്പെട്ടു. ട്രംപും ബിഡനും തമ്മില്‍ അതിശക്തമായ പോരാട്ടമുണ്ടാകുമെന്നാണ് ദേശീയ പോളുകള്‍ സൂചിപ്പിക്കുന്നത്.

Top