മുന്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്‌ലിക അന്തരിച്ചു

അള്‍ജിയേഴ്‌സ്: ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന മുന്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്‌ലിക (84) അന്തരിച്ചു. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2019ലാണ് അദ്ദേഹം ഭരണത്തില്‍ നിന്ന് പടിയിറങ്ങിയത്. അള്‍ജീരിയയിലുണ്ടായ തെരുവ് പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു അബ്ദലസീസിന്റെ പടിയിറക്കം.

1950 – 60 കാലഘട്ടത്തില്‍ അള്‍ജീരിയയിലെ യുദ്ധത്തില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട അള്‍ജീരിയന്‍ യുദ്ധത്തിന് പിന്നാലെ, 1999ലാണ് സൈന്യത്തിന്റെ പിന്‍ബലത്തോടെ അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തുന്നത്.

2013ല്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം അധികമൊന്നും പൊതുപരിപാടികളില്‍ സംബന്ധിച്ചിരുന്നില്ല. മാത്രമല്ല രോഗബാധ അദ്ദേഹത്തിന്റെ പ്രസംഗങ്ങളേയും പ്രവര്‍ത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.

പിന്നീട് അദ്ദേഹം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ലായിരുന്നു പൊതു പരിപാടിയില്‍ പങ്കെടുത്തത്. അള്‍ജീരിയയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന പ്രസിഡന്റാണ് അബ്ദലാസിസ് ബോട്ടെഫ്‌ലിക. 20 വര്‍ഷമാണ് അദ്ദേഹം (1999 മുതല്‍ 2019 വരെ) അള്‍ജീരിയുടെ പ്രസിഡന്റ് പദവിയില്‍ ഉണ്ടായിരുന്നത്. 1937 മാര്‍ച്ച് 2ന് മൊറോക്കോയിലെ ഔജ്ദയിലായിരുന്നു ജനനം.

 

Top