ചൈനയുടെ ജെ-20 പോര്‍വിമാനങ്ങള്‍ റാഫേലിന്റെ അടുത്തു പോലും വരില്ലെന്ന് മുന്‍ വ്യോമസേന മേധാവി

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ന് ഇന്ത്യയിലെത്തും. അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ന് ഉച്ചയോടെ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലെത്തുന്നത്. ചൈനയ്‌ക്കെതിരെ പ്രയോഗിക്കാവുന്ന ശക്തമായ ആയുധമാണ് റാഫേലെന്ന് മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ പറഞ്ഞു. റാഫേല്‍ ഒരു ‘ഗെയിം ചേഞ്ചര്‍’ ആണെന്നും ചൈനയുടെ ജെ-20 പോര്‍വിമാനങ്ങള്‍ റാഫേലിന്റെ അടുത്തു പോലും വരില്ലെന്നും ധനോവ വ്യക്തമാക്കി.

ശത്രുക്കളുടെ പ്രതിരോധം ഇല്ലാതാക്കുന്നതില്‍ വിജയിക്കാന്‍ റാഫേലിന് സാധിക്കും. 70 ഓളം ചൈനീസ് വിമാനങ്ങള്‍ക്ക് ഹോട്ടാന്‍ വ്യോമതാവളത്തില്‍ വേണ്ടത്ര സുരക്ഷിതത്വത്തിലല്ല. എന്നാല്‍ ലാസ വ്യോമതാവളത്തില്‍ പി എല്‍ വി നിര്‍മിച്ച തുരങ്കത്തിനുള്ളില്‍ 26 ഓളം വിമാനങ്ങള്‍ നിരത്താന്‍ സാധിക്കും.-മുന്‍ എയര്‍ ചീഫ് പറഞ്ഞു. ചൈനീസ് ജെ -20 യെക്കാള്‍ മികച്ച പ്രതിരോധ ശക്തിയുള്ളതാണ് റാഫേല്‍. ഇന്ത്യക്കെതിരെ നടത്തുന്ന ചൈനീസ് നീക്കങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. കൂടാതെ ഇന്ത്യയുടെ എസ് യു 30 എം കെ ഐ വിമാനത്തിനും ഇതിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട റാഫേല്‍ യുഎഇയിലെ അല്‍ദഫ്റ സൈനിക വിമാനത്താവളത്തില്‍ ഒരു ദിവസം വിശ്രമിച്ചാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. അതിനിടെ റഫാലില്‍ ആകാശ യാത്ര മധ്യേ ഇന്ധനം നിറക്കുന്നതിന്റെ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിട്ടിരുന്നു.

ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ നാഴികകല്ലാകുമെന്ന വിശേഷിപ്പിക്കപ്പെടുന്ന റഫാലിന്റെ 10 സെറ്റുകളാണ് ദസോ ഏവിയേഷന്‍ കമ്പനി ആദ്യമായി ഇന്ത്യക്ക് കൈമാറിയത്. ഇതില്‍ അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാന്‍സില്‍ തന്നെയാണുള്ളത്. ബാക്കി 5 എണ്ണമാണ് ഇന്ന് ഇന്ത്യയിലെത്തുന്നത്.

Top