Formation of the goverment is not easy, it may be crisis

തിരുവനന്തപുരം: സര്‍ക്കാര്‍ രൂപീകരണത്തിന് ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാവുക ഘടകകക്ഷികളുടെ നിലപാട്.

ഏത് മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാലും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഘടകകക്ഷികള്‍ എടുക്കുന്ന നിലപാടാകും വഴിത്തിരിവാവുക.

ഭരണം പിടിക്കേണ്ടത് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഒരേപോലെ അത്യാവശ്യമായതിനാല്‍ ഘടകകക്ഷികളെയോ എംഎല്‍എ മാരേയോ അടര്‍ത്തി മാറ്റാനുള്ള സാധ്യതയും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തളളിക്കളയാന്‍ പറ്റില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇടതുപക്ഷം നൂറു സീറ്റിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ്.യുഡിഎഫ് ആവട്ടെ 80 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന കണക്ക് കൂട്ടലിലാണ്.

ഇടതുപക്ഷത്തെ പ്രമുഖ ഘടകകക്ഷിയായ സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ബഹുഭൂരിപക്ഷത്തിലും വിജയ പ്രതീക്ഷയിലാണ്. മറ്റ് ചെറുഘടകകക്ഷികള്‍ ഏതാനും ചില സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. ‘ശെല്‍വരാജ്’ ഫാക്ടര്‍ ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ സിപിഎം നേതൃത്വം അതീവജാഗ്രതയിലാണ്.

യുഡിഎഫില്‍ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗിന് മലപ്പുറത്തും കോഴിക്കോടും ചില മണ്ഡലങ്ങളില്‍ കടുത്ത മത്സരം നേരിട്ടിട്ടുണ്ടെങ്കിലും തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് നേതൃത്വം. മറ്റൊരു പ്രമുഖ ഘടകകക്ഷിയായ കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ്സും മധ്യകേരളത്തില്‍ ക്ഷീണം സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ്.

ഇടതുപക്ഷത്ത് സിപിഎം 92 സീറ്റിലും മറ്റ് ഘടകകക്ഷികള്‍ 48 സീറ്റിലുമായാണ് മത്സരിക്കുന്നത്.സിപിഐ 27 എന്‍സിപി 4,കോണ്‍ഗ്രസ്(എസ്) 1 ഐഎന്‍എല്‍ 3 തുടങ്ങിയവയാണ് ഇടത് ഘടകകക്ഷികള്‍ മത്സരിക്കുന്ന സീറ്റുകള്‍.

യുഡിഎഫില്‍ മുസ്ലീം ലീഗ് 24,കേരളാ കോണ്‍ഗ്രസ്(എം) 15 ,സിഎംപി 1 ,ജെഡിയു 7 ,ആര്‍എസ്പി 5, കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് 1 സീറ്റ് എന്നിവയാണ് ഘടകകക്ഷികള്‍ മത്സരിക്കുന്ന സീറ്റുകള്‍. കോണ്‍ഗ്രസ് മത്സരിക്കുന്നത് 87 സീറ്റുകളിലാണ്.

ഏത് മുന്നണി അധികാരത്തില്‍ വന്നാലും വലിയ ഭൂരിപക്ഷം ഉണ്ടാവാന്‍ സാധ്യത കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഇങ്ങനെ വന്നാല്‍ ഘടകകക്ഷികള്‍ വലിയ വിലപേശലുമായി രംഗത്ത് വരാനുള്ള സാധ്യതയുമുണ്ട്. എന്തിനേറെ ഓരോ എംഎല്‍എക്കും ‘വില’ കൂട്ടുന്ന സാഹചര്യം വരെ ഉണ്ടായേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

രാഷ്ടീയപരമായും വ്യക്തിപരമായുമെല്ലാം ഭരണത്തിലേറേണ്ടത് കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ക്ക് അനിവാര്യമായതിനാല്‍ ‘തീ പാറുന്ന പോരാട്ടം’ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമായിരിക്കും നടക്കുകയെന്നാണ് അനുമാനം.

ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കേരളകോണ്‍ഗ്രസിലെ ജോസഫ് വിഭാഗം, ആര്‍എസ്പി,ജെഡിയു എന്നീ കക്ഷികളെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് ഇടതുമുന്നണിയിലെ സിപിഐ ഒഴിയെയുള്ള ഘടകകക്ഷികളെയും സ്വതന്ത്രരായി ജയിച്ച് വരുന്നവരെയും വരുതിയിലാക്കാന്‍ സാധ്യതയുണ്ടെന്നുമാണ് നിരീക്ഷണം. ഈ കക്ഷികള്‍ക്കും മറ്റും കിട്ടുന്ന സീറ്റുകളെയും യുഡിഎഫിന്റെയും ആവശ്യകതയെയും ആശ്രയിച്ചായിരിക്കുമിത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിമാറ്റുന്നത് ശ്രമകരമായ കാര്യമായതിനാലും ‘ശെല്‍വരാജ്’ ഫാക്ടര്‍ ഇനി ക്ലച്ച് പിടിക്കില്ലെന്ന തിരിച്ചറിവും ഇത്തരം നീക്കത്തിന് യുഡിഎഫ് നേതാക്കളെ പ്രേരിപ്പിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍.

വ്യക്തമായ രാഷ്ട്രീയ ധാര്‍മ്മികത വച്ച് പുലര്‍ത്തുന്ന ഇടതുപക്ഷം സാധാരണഗതിയില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയാണ് കഴിഞ്ഞകാല ചരിത്രമെങ്കില്‍ ആ ‘കീഴ്‌വഴക്കം’ ഇത്തവണ ത്രിശങ്കുസഭയുണ്ടായാല്‍ സിപിഎം നേതൃത്വം മാറ്റുമെന്നാണ് രാഷ്ടീയ നിരീക്ഷക പക്ഷം.

യുഡിഎഫില്‍ നിന്ന് കെഎം മാണി ഒഴികെ ആര് വന്നാലും ഇടതുപക്ഷം സ്വീകരിക്കാന്‍ തയ്യാറാകും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വം ‘താല്‍പര്യമെടുത്തിരുന്നെങ്കില്‍’ അധികാരത്തില്‍ വരാമായിരുന്നുവെന്ന കാര്യവും
പ്രസക്തമാണ്.

രാഷ്ടീയ കുതിര കച്ചവടത്തിനില്ലെന്ന സിപിഎമ്മിന്റെ ഉറച്ച നിലപാടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അധികാരത്തിലേറാന്‍ വഴിയൊരുക്കിയത്. പിന്നീട് പലതവണ സര്‍ക്കാര്‍ മറിച്ചിടാന്‍ അവസരമുണ്ടായിരുന്നെങ്കിലും യുഡിഎഫ് ഘടകകഷികളെയും എംഎല്‍എ മാരെയും അടര്‍ത്തിമാറ്റാന്‍ സിപിഎം തയ്യാറായിരുന്നില്ല.

എന്നാല്‍ ഇത്തവണ യുഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുമെന്നതിനാല്‍ ‘കൈവിട്ട’ കളിക്ക് സിപിഎം തയ്യാറാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഭരണത്തിലേറാന്‍ കഴിഞ്ഞില്ലെങ്കില്‍ യുഡിഎഫില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭാവി മാത്രമല്ല, വിഎസും പിണറായിയുമെല്ലാം ഉന്നയിച്ച ആരോപണങ്ങളില്‍ സ്‌പെഷ്യല്‍ ടീമിന്റെ അന്വേഷണവും നിയമപരമായ കുരുക്കുകളുമെല്ലാം യുഡിഎഫ് മുന്നില്‍ കാണുന്നുണ്ട്.

ബിജെപിയുടെ കൂടെ നിന്ന് യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും എസ്എന്‍ഡിപി യോഗത്തിലെ നിലനില്‍പ്പിന് മാത്രമല്ല നേരിടുന്ന ‘അന്വേഷണങ്ങളിലും’ തിരഞ്ഞെടുപ്പ് വിധി നിര്‍ണ്ണായകമാണ്. ബിജെപി ഒന്നോ രണ്ടോ സീറ്റില്‍ വിജയിക്കുകയും ത്രിശങ്കു സഭ ഉണ്ടാവുകയും ചെയ്താല്‍ പ്രതിസന്ധി മറികടക്കാനും രാഷ്ട്രപതി ഭരണം ഒഴിവാക്കാനും പ്രമുഖ ഘടകകക്ഷികള്‍ക്കിടയില്‍ പോലും ചുവടുമാറ്റത്തിനും സാധ്യത കൂടുതലാണ്.

Top