കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരണം അന്തിമഘട്ടത്തില്‍

പാലക്കാട്: കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി കര്‍ഷകരുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരണം അന്തിമഘട്ടത്തില്‍. ഈ മാസം തന്നെ മന്ത്രിസഭായോഗം ചേര്‍ന്നു കമ്പനിയുടെ ഭരണസംവിധാനം, സ്വഭാവം, ഓഹരി, പങ്കാളിത്തം, വിപണനം, സാമ്പത്തിക ഘടകങ്ങള്‍ എന്നിവ തീരുമാനിക്കും.

കൃഷിഭവനുകളില്‍ ആരംഭിച്ച കൃഷിക്കൂട്ടങ്ങള്‍ മുതല്‍ വിദേശരാജ്യങ്ങളിലേക്കു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതു വരെയുള്ള ഘടകങ്ങളെല്ലാം ഏകോപിപ്പിക്കുകയാണു ലക്ഷ്യം. ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെങ്കിലും ഇത്തരമൊരു കേന്ദ്രീകൃത സംവിധാനം ഇല്ലാത്തതാണ് രാജ്യാന്തര വിപണിയില്‍ ഇടപെടുന്നതില്‍ കേരളത്തിന്റെ തടസ്സം.

സിയാല്‍ മാതൃകയില്‍ ആരംഭിക്കുന്ന കമ്പനിയില്‍ മറ്റു വകുപ്പുകളുടെ സഹകരണം ഉണ്ടാകുമെങ്കിലും കൃഷിവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. കര്‍ഷകര്‍ക്കും ഫാം പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ക്കും കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ടാകുമെന്നാണു സൂചന. വിദേശത്തെ സംരംഭകര്‍ക്ക് പങ്കാളിത്തം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ മാത്രമേ ധാരണയുണ്ടാകുകയുള്ളൂ. നബാര്‍ഡ് സാമ്പത്തിക സഹായം നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

കമ്പനി രൂപീകരണത്തിനു മുന്നോടിയായി കര്‍ഷകരുടെ വരുമാന വര്‍ധനയും കാര്‍ഷികോല്‍പന്ന ക്ഷമതയും ഉറപ്പാക്കാനായി മൂല്യവര്‍ധിത കൃഷി മിഷന്‍ കൃഷിവകുപ്പ് രൂപീകരിച്ചു. ഓരോ കൃഷിഭവനു കീഴിലും ഒരു മൂല്യവര്‍ധിത ഉല്‍പന്നം എന്ന തോതില്‍ 600 കൃഷിഭവനുകള്‍ തനത് ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചു. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കേരള്‍ ഗ്രോ എന്ന ബ്രാന്‍ഡില്‍ ഓണ്‍ലൈന്‍ വ്യാപാര ശൃംഖല വഴി വില്‍പന ആരംഭിച്ചു.

കാര്‍ഷികോല്‍പന്നങ്ങള്‍ ശാസ്ത്രീയമായി പാക്ക് ചെയ്തു വിദേശ വിപണിയിലെത്തിക്കാനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ഉള്‍പ്പെടെയുള്ളവരുടെ സാങ്കേതിക സഹായം ഉറപ്പാക്കി. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റിയുമായി (അപേഡ) ‘ബൈ ബാക്ക്’ മാതൃകയില്‍ സഹകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

Top