സര്‍ക്കാര്‍ ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കഥകഴിയും; സോണിയയ്ക്ക് നേതാക്കളുടെ ഉപദേശം

ഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇതുവരെ എതിര്‍പക്ഷത്ത് നിന്ന എന്‍സിപിയുടെയും, കോണ്‍ഗ്രസിന്റെയും പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ഗവര്‍ണര്‍ നല്‍കിയ സമയപരിധിക്കുള്ളില്‍ പിന്തുണ അറിയിച്ച കത്ത് നല്‍കാന്‍ കഴിയാതെ പോയതും. എന്നാല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ കോണ്‍ഗ്രസ് ഏത് വിധേനയും ഇതില്‍ ഭാഗമാകണമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഒരേ സ്വരത്തില്‍ അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തില്‍ കോണ്‍ഗ്രസ് അംഗത്വം ഉറപ്പാക്കിയില്ലെങ്കില്‍ ഇത് മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ അന്ത്യത്തിന് വഴിയൊരുക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. ഈ പ്രവചനം തന്നെയാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ ശിവസേനയുമായി കൂട്ടുകൂടുന്നതിന് എതിരെ ഉണ്ടായിരുന്ന സോണിയയുടെ ശക്തമായ എതിര്‍പ്പിന്റെ കാഠിന്യം കുറച്ചത്.

കാവിസഖ്യത്തിന്റെ തകര്‍ച്ചയില്‍ അവസരം മുതലാക്കണമെന്ന് അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍, ബാലാസാഹെബ് മണിക്‌റാവു താക്‌റെ, രജനി പാട്ടീല്‍ തുടങ്ങിയവര്‍ യോഗത്തില്‍ തറപ്പിച്ച് പറഞ്ഞു. ഇതിന് പുറമെ ജയിച്ച എംഎല്‍എമാര്‍ എല്ലാവരും തന്നെ സ്വന്തം നിലയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടവരാണ്. സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിയാതെ പോയാല്‍ ഇവരുടെ നിലപാടുകള്‍ പാര്‍ട്ടിയെ ക്ഷയിപ്പിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.

ബിജെപി ചാക്കിട്ടുപിടിക്കുമെന്ന് ഭയന്ന് എംഎല്‍എമാരെ ജയ്പൂരില്‍ താമസിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഹിന്ദുത്വം പറയുന്ന താക്കറെ പാര്‍ട്ടിയുമായി കൂട്ടുകൂടുന്നതിനെ എഐസിസി നേതാക്കളായ എകെ ആന്റണി, മുകുള്‍ വാസ്‌നിക്, ശിവരാജ് പാട്ടീല്‍ തുടങ്ങിയവര്‍ എതിര്‍ത്ത് നോക്കിയെങ്കിലും ശക്തമായ മറുപടി നേരിട്ടു.

സോണിയയ്ക്കും ശിവസേനയോട് എതിര്‍പ്പുണ്ടെങ്കിലും ഇതില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്ന സംസ്ഥാന നേതാക്കളുടെ വാദങ്ങള്‍ അംഗീകരിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.

Top