കോവിഡ് മരണത്തില്‍ കൃത്രിമത്വം; പോരാട്ടം തുടങ്ങുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി മരണങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിക്കുന്നതു മൂലം, കോവിഡ് ബാധിച്ചു രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ക്കു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടും.

കോവിഡ് മരണങ്ങളില്‍ നടത്തുന്ന കൃത്രിമം കണ്ടെത്താന്‍ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കും. ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ അവസരം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. ഐഎന്‍സി കേരള സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Top