കഞ്ചാവ് മാഫിയയുടെ പേടിസ്വപ്നമായിരുന്ന ഷര്‍മിള ജയറാം വിടവാങ്ങി

പാലക്കാട്: അട്ടപ്പാടി ചെമ്മണ്ണൂരില്‍ വനംവകുപ്പിന്റെ വാഹനം പുഴയിലേക്കു മറിഞ്ഞു ചികിത്സയിലായിരുന്ന റേഞ്ച് ഓഫിസര്‍ ഷര്‍മിള ജയറാം (32) മരിച്ചു. പാലക്കാട് യാക്കര സ്വദേശിയാണ് ഷര്‍മിള ജയറാം.

ഡിസംബര്‍ 24-ന് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ അട്ടപ്പാടി ചെമ്മണ്ണൂരിലെ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ വനംവകുപ്പിന്റെ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഭവാനിപ്പുഴയിലേക്ക് മറിഞ്ഞ വാഹനത്തില്‍ നിന്ന് ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഷര്‍മിളയെയും ഡ്രൈവറെയും രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുമ്പോള്‍ ഇരുവരും അബോധാവസ്ഥയിലായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മുക്കോലി സ്വദേശി ഉബൈദ് ചികിത്സയിലിരിക്കെ വിടപറഞ്ഞപ്പോഴും ഷര്‍മിള മരണത്തോട് പോരാടിക്കൊണ്ടിരുന്നു. ആ പോരാട്ടത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. പാലക്കാട് യാക്കര സ്വദേശിയാണ് ഷര്‍മിള (32) ഭര്‍ത്താവ് വിനോദ്, റിയാന്‍ഷ് (4) ഏകമകനാണ്.

പാലക്കാടന്‍ കാടുകളിലെ കഞ്ചാവ് മാഫിയയുടെ പേടിസ്വപ്നമായിരുന്നു ഷര്‍മിള ജയറാം. ചുരുങ്ങിയ കാലയളവില്‍ റേഞ്ച് ഓഫിസര്‍ എന്ന നിലയില്‍ ഷര്‍മിള അട്ടപ്പാടിയില്‍ നടത്തിയത് നിരവധി കഞ്ചാവ് വേട്ടകള്‍. മവോയിസ്റ്റുകളെ ഭയന്ന് വനപാലകര്‍ പോകാന്‍ മടിച്ചിരുന്ന കാട്ടിലാണ് ഷര്‍മിള ധൈര്യസമേതം എത്തിയത്. ദുര്‍ഘടമായ മല്ലിശ്വരന്‍മുടി, ചെന്താമല തുടങ്ങിയ വനങ്ങളില്‍ മലമുകളിലെത്തി കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു.

Top